India National

പ്രതികാരമല്ല നീതി: ഏറ്റുമുട്ടല്‍ കൊലക്കെതിരെ ചീഫ് ജസ്റ്റിസ്

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലയില്‍ പ്രതികരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. പ്രതികാരത്തിലൂടെയല്ല നീതി നടപ്പാക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജോധ്പൂരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നീതി എന്നത് തത്ക്ഷണം ലഭിക്കുന്ന ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. പ്രതികാരത്തിലൂടെ നീതി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ സ്വഭാവം നഷ്ടമാകും”- ചീഫ് ജസ്റ്റിസ് പറഞ്ഞു‍.

ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നത് ശരിയോ തെറ്റോ എന്നത് സംബന്ധിച്ച് രാജ്യത്ത് ചര്‍ച്ച നടക്കുന്നതിടിനിടെയാണ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്. തെളിവെടുപ്പിനിടെ കുറ്റകൃത്യം പുനഃരാവിഷ്‌കരിക്കുമ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ഇതിനിടെ പ്രതികള്‍ക്ക് നേരെ വെടിവെച്ചെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.