India National

4 ദിവസം കഴിഞ്ഞിട്ടും ജെ.എന്‍.യുവില്‍ അക്രമം നടത്തിയവരെ പിടികൂടാതെ പൊലീസ്

ജെ.എന്‍.യു വിദ്യാർഥികൾ ഇന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. വിസിയെ പുറത്താക്കുക, ഹോസ്റ്റൽ ഫീസ് വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. സി.പി.ഐ നേതാവ് കനയ്യ കുമാർ അടക്കമുള്ളവർ പ്രതിഷേധത്തിനെത്തും. ഇതിനിടെ സർവകലാശാല സന്ദർശിച്ച കോൺഗ്രസ് വസ്തുത അന്വേഷണ സമിതി ഇന്ന് സോണിയ ഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിക്കും.

വൻ പ്രതിഷേധത്തിനാണ് ജെ.എന്‍.യു വിദ്യാർഥികൾ ഒരുങ്ങുന്നത്. പൗരമാര്‍ച്ച് എന്ന പേരിലാണ് പ്രതിഷേധം. വിസിയെ ഒഴിവാക്കുക, ഫീസ് വര്‍ധന പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എം.എച്ച്.ആര്‍.ഡി മാർച്ച് സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് പിന്തുണയുമായി ജെ.എന്‍.യു അധ്യാപക സംഘടനയും എത്തും. ജാമിയ, ഡിയു വിദ്യാർത്ഥികളും മാർച്ചിൽ പങ്കെടുക്കും. ഹൃദയത്തില്‍ സ്‌നേഹവും കൈകളില്‍ പോസ്റ്ററുകളുമായി പ്രതിഷേധിക്കാനെത്തൂ എന്നും ആള്‍ക്കൂട്ട ആക്രമണത്തിനെതിരെയും എല്ലാവര്‍ക്കും സാധ്യമായ പൊതു വിദ്യാഭ്യാസത്തിനു വേണ്ടിയും പ്രതിഷേധിക്കൂ എന്നും സി.പി.ഐ നേതാവും മുൻ ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാർ ട്വീറ്റ് ചെയ്തു.

ഇതിനിടെ ജെ.എന്‍.യു സന്ദർശിച്ച കോൺഗ്രസിന്റെ വസ്തുതാന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഹൈബി ഈഡൻ എം.പി, സുഷ്‌മിത ദേബ് തുടങ്ങിയവരാണ് സമിതി അംഗങ്ങൾ. അതേസമയം എ.ബി.വി.പി അക്രമത്തിൽ ഇതുവരെ യും ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികളെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണം തുടരുകയാണെന്നുമാണ് പൊലീസിന്റെ മറുപടി.