India Kerala

മരടിലെ ഫ്ലാറ്റ് അവശിഷ്ടങ്ങള്‍ നീക്കാന്‍ ഒരു മാസം കൂടി വേണമെന്ന് കരാറുകാര്‍; പൊടിശല്യം രൂക്ഷം

മരടില്‍ പൊളിച്ച ഫ്ലാറ്റ് സമുച്ചയങ്ങളുടെ അവശിഷ്ടങ്ങള്‍ വേര്‍തിരിക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയ പരിധി അവസാനിച്ചു. നിലവില്‍ വേര്‍തിരിക്കലും മാലിന്യ നീക്കവും പാതിയെ പൂര്‍ത്തിയായിട്ടുള്ളൂ. ചൂട് കൂടിയത് മൂലം പ്രദേശത്തെ പൊടിശല്യത്തിനും കാര്യമായ കുറവുണ്ടായിട്ടില്ല.

ഫ്ലാറ്റ് സമുച്ചയങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 45 ദിവസമാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ അവശിഷ്ടങ്ങള്‍ പൂര്‍ണമായും വേര്‍തിരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഹോളി ഫെയ്ത്ത് എച്ച് ടു ഒ, ആല്‍ഫാ സെറീന്‍, ജെയിന്‍ കോറല്‍ കോവ് എന്നീ സമുച്ചയങ്ങളുടെ അവശിഷ്ടങ്ങള്‍ പകുതിയോളം ഇനിയും നീക്കം ചെയ്യാനുണ്ട്. അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ ഒരു മാസം കൂടി വേണ്ടിവരുമെന്ന് കരാര്‍ ഏറ്റെടുത്ത വിജയ് സ്റ്റീല്‍സ് കമ്പനി നഗരസഭയെ അറിയിച്ചിട്ടുണ്ട്.

നിലവില്‍ വെള്ളം പമ്പ് ചെയ്താണ് അവശിഷ്ടങ്ങള്‍ വേര്‍തിരിക്കുന്നത്. എന്നാല്‍ പ്രദേശത്ത് ഇപ്പോഴും പൊടിശല്യം നിലനില്‍ക്കുന്നുണ്ട്. നേരത്തെ പ്രദേശത്ത് പൊടിശല്യത്തിന് കുറവുണ്ടായിരുന്നു. ചൂട് കൂടിയതും കാറ്റുമാണ് പൊടിശല്യത്തിന് കാരണം.