India National

കേന്ദ്ര സംഘം ദ്വിദിന സന്ദർശനത്തിനായി ഇന്ന് കശ്മീരിൽ എത്തും

സുരക്ഷാ നിയന്ത്രണങ്ങൾ തുടരവെ കേന്ദ്ര സംഘം ദ്വിദിന സന്ദർശനത്തിനായി ഇന്ന് ജമ്മു കശ്മീരിൽ എത്തും. ന്യൂനപക്ഷ കാര്യ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ജമ്മു, ലഡാക്ക്, കാർഗിൽ എന്നിവിടങ്ങൾ സന്ദർശിച്ച് വികസനസാധ്യതകള്‍ പരിശോധിക്കും. സംസ്ഥാനം അശാന്തമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മറികടക്കുക എന്ന ലക്ഷ്യം കൂടി സന്ദർശനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .

പ്രത്യേക പദവി എടുത്തുകളയാനുള്ള നടപടിയുടെ ഭാഗമായി ജമ്മു കശ്മീരിൽ സുരക്ഷാ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ട് ഇന്നേക്ക് ദിവസം 20 കഴിഞ്ഞു. നിയന്ത്രണങ്ങൾക്ക് ഇളവ് ചെയ്തു എന്ന് സർക്കാർ പറയുമ്പോഴും ജനജീവിതം സാധാരണനിലയിലേക്ക് ആയിട്ടില്ല. മുതിർന്ന നേതാക്കൾ അടക്കമുള്ള 4000 പേർ ഇപ്പോഴും വീട്ടുതടങ്കലിൽ തന്നെയാണ്. പ്രതിപക്ഷ നേതാക്കൾ പലതവണ സംസ്ഥാനത്ത് സന്ദർശനം നടത്താൻ ശ്രമിച്ചിട്ടും സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് അനുമതി നൽകിയിട്ടില്ല. ഇതിനിടെയാണ് ഉന്നത തല കേന്ദ്ര സംഘം കശ്മീരിലെത്തുന്നത്.

ന്യൂനപക്ഷ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രീനഗർ, ജമ്മു, കാർഗിൽ, ലഡാക്ക് എന്നീ സ്ഥലങ്ങൾ സന്ദര്‍ശിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിദ്യാലയങ്ങൾ, കോളജുകൾ, ആശുപത്രികൾ, തൊഴിൽ അവസരങ്ങൾ അടക്കമുള്ള വികസന സാധ്യതകൾ പരിശോധിക്കുകയാണ് സന്ദർശന ലക്ഷ്യം.

കഴിഞ്ഞ ദിവസങ്ങളിൽ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ കശ്മീരിൽ തങ്ങി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വീട്ടുതടങ്കലിൽ കഴിയുന്ന മെഹബൂബ മുഫ്‌തി, ഒമർ അബ്‌ദുല്ല തുടങ്ങിയ നേതാക്കളുമായി രഹസ്യാന്വേഷണവിഭാഗ സംഘം കൂടിക്കാഴ്ച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിൽ ദേശവ്യാപകമായി വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാൻ ബി.ജെ.പി തീരുമാനിച്ചു. സെപ്റ്റംബർ 1 മുതൽ 30 വരെയാണ് ക്യാമ്പയിൻ.