India Kerala

സംഘടനാ സംവിധാനം നിർജീവം; ബി.ജെ.പി പുനഃസംഘടന നീട്ടുന്നത് കേരളം ഘടകത്തിന് തീരാകളങ്കം: പി.പി. മുകുന്ദൻ

ബി.ജെ.പി പുനഃസംഘടന വൈകരുതെന്ന് മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി. മുകുന്ദൻ. പഴുക്കുന്നത് വരെ കാത്തിരിക്കാതെ തീരുമാനം കൃത്യസമയത്ത് നടപ്പാക്കണമെന്ന് പി.പി. മുകുന്ദൻ പറഞ്ഞു. സംഘടനാ സംവിധാനം നിർജീവമാണെന്നും, ബി.ജെ.പി പുനഃസംഘടന നീട്ടുന്നത് കേരളം ഘടകത്തിന് തീരാ കളങ്കമാണെന്നും പി.പി. മുകുന്ദൻ അറിയിച്ചു. കുഴൽപ്പണ കേസിൽ കെ. സുരേന്ദ്രൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പാർട്ടിക്ക് നാണക്കേടാണെന്നും പി.പി. മുകുന്ദൻ വ്യക്തമാക്കി.

അതേസമയം, ബി.ജെ.പി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കായി സുരേഷ് ഗോപി എം.പി നാളെ ഡൽഹിക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും.

ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിർദേശിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. സുരേഷ് ​ഗോപിയുടെ ജനകീയ മുഖം കേരളത്തിൽ പാർട്ടിക്ക് ​ഗുണം ചെയ്യുമെന്നാണ് നേതൃത്വം കണക്കാക്കുന്നത്. പാർട്ടിയിലേക്ക് കൂടുതൽ പേരെ അടുപ്പിക്കാനും സുരേഷ് ​ഗോപിയെ സംസ്ഥാന നേതൃത്വത്തിലെത്തുക്കുന്നത് ​സഹായിക്കുമെന്നും കേന്ദ്രം കരുതുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയും കുഴൽപ്പണ കേസിലെ ആരോപണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയതോടെ ബി.ജെ.പി കേരള ഘടകത്തിൽ കേന്ദ്രം അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ മാറ്റി ജനകീയ മുഖത്തെ കൊണ്ടുവരാനാണ് പാർട്ടി നേതൃത്വം ആലോചിക്കുന്നത്. അങ്ങനെയാണ് നേതൃത്വം ആദ്യ പരിഗണന സുരേഷ് ഗോപിക്ക് നൽകിയത്.

എന്നാൽ, തനിക്ക് തത്കാലം പാർട്ടി പ്രവർത്തകനായി തുടരാനാണ് താത്പര്യമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ബി.ജെ.പി തനിക്ക് ചില ഉത്തരവാദിത്വങ്ങൾ നൽകിയിട്ടുണ്ട്. അത് ഭം​ഗിയായി നിറവേറ്റനാണ് താൻ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി അറിയിച്ചു.