India National

ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച ബ്യൂട്ടി വിത്ത് ബ്രെയിന്‍സ്

പ്രാദേശിക കക്ഷികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയം നിയന്ത്രിക്കാനുള്ള കരുത്ത് നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് ജയലളിത. വാജ്പേയ് സര്‍ക്കാരിനെ വീഴ്ത്തിയാണ് ദേശീയ രാഷ്ട്രീയത്തില്‍ ജയലളിത ശ്രദ്ധാകേന്ദ്രമാകുന്നത്

വെള്ളിത്തിരയിലെ ഇഷ്ടനായികയെ അണ്ണാ ഡി.എം.കെ രാഷ്ട്രീയത്തിലേക്ക് കൈപിടിക്കുന്നത് എം.ജി.ആറാണ്. 84ല്‍ രാജ്യസഭയിലേക്കുമയച്ചു. അന്ന് രാജ്യസഭാംഗമായിരുന്ന എഴുത്തുകാരന്‍ ഖുശ്‌വന്ത് സിങ് ജയലളിതയെ കുറിച്ച് പറഞ്ഞത് ബ്യൂട്ടി വിത്ത് ബ്രെയിന്‍സ് എന്നാണ്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പോലും ജയലളിതയുടെ രാജ്യസഭാ പ്രസംഗത്തില്‍ ആകൃഷ്ടയായി.

ഖുശ്‌വന്ത് സിങ്ങിന്റെ ദീര്‍ഘ വീക്ഷണം ശരിയായിരുന്നുവെന്ന് പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയം കണ്ടു. എം.ജി.ആറിന്റെ മരണത്തോടെ തമിഴ്നാട്ടിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച ജയലളിത അണ്ണാ ഡി.എം.കെയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി. രാജ്യസഭാ എം.പിയായിരുന്ന കാലമൊഴിച്ചാൽ വലിയ ദേശീയ രാഷ്ട്രീയ പരിചയം ഒന്നുമില്ലാതിരുന്ന ജയലളിത, പക്ഷേ ഡല്‍ഹിയിലെ അവസരങ്ങൾ മുതലെടുത്തിരുന്നു.

91ല്‍ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്ത ജയലളിത പിന്നീട് ആ കൂട്ടുകെട്ട് ഉപേക്ഷിച്ചു. 98ല്‍ എന്‍.ഡി.എയുടെ ഭാഗമായി വാജ്പേയ് സര്‍ക്കാരിനെ പിന്തുണച്ചു. സഖ്യകക്ഷിയെന്ന നിലക്ക് കേന്ദ്ര സര്‍ക്കാരില്‍ അമിത സമ്മര്‍ദം ചെലുത്തി. (തനിക്കെതിരെ കരുണാനിധി സര്‍ക്കാര്‍ കൊണ്ടു വന്ന അഴിമതിക്കേസുകള്‍ റദ്ദാക്കണമെന്നായിരുന്നു ഒരാവശ്യം, രണ്ടാമത്തേത് ഡി.എം.കെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും.) പക്ഷേ നിയമവിരുദ്ധമായ നടപടികള്‍ നടപ്പിലാക്കാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതിനാല്‍‌ കടുത്ത നടപടികള്‍ക്ക് ജയലളിത തുനിഞ്ഞു.

വാജ്പേയ് സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തിനിടെ 1999 മാർച്ച് 29ന് ദില്ലിയിലെ അശോകാ ഹോട്ടലിൽ സുബ്രമണ്യൻ സ്വാമി സംഘടിപ്പിച്ച ചായ സത്ക്കാരം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായകമായ ഏടായി. സോണിയാഗാന്ധി പങ്കെടുത്ത ആ വിരുന്നിലെ ശ്രദ്ധാകേന്ദ്രം ജയലളിതയായിരുന്നു. തുടര്‍ന്ന് 1999 ഏപ്രിൽ 14 ന് അന്നത്തെ പ്രസിഡന്റായിരുന്ന കെ.ആര്‍ നാരായണനെ കണ്ടശേഷം പുറത്തുകാത്തു നിന്ന മാധ്യമ പ്രവര്‍ത്തകരോടായി ജയലളിത പ്രഖ്യാപിച്ചു. വാജ്പേയ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നു.

പതിമൂന്ന് മാസം പ്രായമായ വാജ്പേയി സർക്കാർ ലോക്സഭയില്‍ വിശ്വാസം തേടിയെങ്കിലും ഒരു വോട്ടിന് വീണു. ഈ നിലപാട് ദേശീയ രാഷ്ട്രീയത്തിലും കരുത്തയാക്കി ജയലളിതയെ. 2014ൽ ജയലളിതയെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് എ.ബി ബർദ്ദാൻ വിശേഷിപ്പിച്ചു. പ്രകാശ് കാരാട്ടും ബർദ്ദനും ജയലളിതയെ കണ്ടു. എന്നാൽ ഈ നീക്കത്തിൽ നിന്ന് പിൻമാറാൻ ജയലളിതയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. നരേന്ദ്ര മോദി വിരുദ്ധ മുന്നണിയിൽ നില്‍ക്കുന്നതിനെക്കാൾ സ്വതന്ത്ര നിലപാടാണ് നല്ലതെന്ന ജയലളിതയുടെ രാഷ്ട്രീയ ബുദ്ധി ശരിയായിരുന്നു എന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. 2014 ല്‍ 37 സീറ്റാണ് അണ്ണാ ഡി.എം.കെ നേടിയത്. ലോക്സഭയിലെ മൂന്നാമത്തെ കക്ഷി.

ഡല്‍ഹിയെ ചലിപ്പിക്കാനുള്ള ചരട് പ്രാദേശിക പാര്‍ട്ടികള്‍ സ്വന്തമാക്കിയതില്‍ ജയലളിത എന്ന നേതാവിന്റെയും പങ്ക് വലുതായിരുന്നു. ദേശീയതലത്തില്‍ അധികാര കേന്ദ്രമാവുക എന്നതിനപ്പുറം സമ്മര്‍ദ്ദ ശക്തിയാവുക എന്നതായിരുന്നു ജയലളിത പിന്തുടര്‍ന്ന രാഷ്ട്രീയ തന്ത്രം