India National

പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ യു.എന്‍ പൊതുസഭയില്‍ നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി

പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ യു.എന്‍ പൊതുസഭയില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി, പ്രതിഷേധം കശ്മീര്‍ വിഷയത്തിലെ വിവാദ പരാമര്‍ശത്തില്‍. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും.

യു.എന്നിന്‍റെ 75ാം ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രസംഗിക്കവെയാണ് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങിപ്പോയത്. കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍, നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മിജിതോ വിനിദോ ഇറങ്ങിപ്പോയത്. പിന്നീട് ഇമ്രാന്‍ ഖാന്‍റെ പ്രസംഗത്തിനുള്ള മറുപടി പ്രസംഗത്തില്‍ ശക്തമായ വിമര്‍ശനമാണ് ഇന്ത്യന്‍ പ്രതിനിധി നടത്തിയത്.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും മാറ്റാനാവാത്തതുമായ ഭാഗമാണ്. കശ്മീരിലെ നിയമങ്ങളും നടപടികളും ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണ്. പാകിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരില്‍ നിലവിലെ പ്രശ്‌നമെന്നും ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ പറഞ്ഞു. നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളെല്ലാം പാകിസ്ഥാന്‍ ഉപേക്ഷിക്കണം. കശ്മീരില്‍ നിന്നും പാകിസ്ഥാന്‍ ഒഴിഞ്ഞുപോകണം. ഭീകരര്‍ക്ക് സഹായം നല്‍കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണം. ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും യുഎന്നിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി മിജിതോ വിനിദോ കുറ്റപ്പെടുത്തി.