ഇന്ത്യയിൽ കൊവിഡ് വാക്സിനുകൾ പുതുവർഷത്തിൽ ലഭ്യമായിത്തുടങ്ങുമെന്നും ഫെബ്രുവരിയോടെ വിതരണം തുടങ്ങാമെന്നു പ്രതീക്ഷിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓക്സ്ഫോർഡ് വാക്സിന്റെ ഇന്ത്യയിലെ ട്രയൽ പൂർത്തിയായി. ഇംഗ്ലണ്ട് അനുമതി നൽകിയാൽ ഇന്ത്യയും സമാന നടപടികളിലേക്കു കടക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്.
ഡിസംബറോടെ രാജ്യത്ത് ഉപയോഗിക്കാൻ വേണ്ടി 10 കോടി ഡോസ് കൊവിഡ് വാക്സിൻ ഉത്പാദിപ്പിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാല നേരത്തെ അറിയിച്ചിരുന്നു. ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രസേനക കമ്പനിയും ചേർന്ന് വികസിപ്പിച്ച കൊവി ഷീൽഡ് വാക്സിനാണ് ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. അവസാനഘട്ട പരീക്ഷണങ്ങളുടെ ഫലം അനുകൂലമായാൽ ഉടൻ ഉപയോഗിക്കാനുള്ള അനുമതിയും തങ്ങൾക്ക് ലഭിക്കുമെന്ന് അഡാർ പൂനാവാല പറഞ്ഞു.
ആദ്യഘട്ടത്തിൽ നിർമിക്കുന്ന മുഴുവൻ വാക്സിനും രാജ്യത്ത് ഉപയോഗിക്കും. അടുത്ത വർഷം മുതൽ പകുതി ഇവിടെയും പകുതി വാക്സിൻ വിതരണ സംഘടനയായ കൊവാക്സിനും കൈമാറും.ലോകത്ത് വാക്സിൻ വിതരണത്തിൽ തുല്യത നടപ്പാക്കുന്ന സ്ഥാപനമാണ് കൊവാക്സ്.