India National

150 രാജ്യങ്ങൾക്ക് കോവിഡ് സഹായം നൽകിയെന്ന് മോദി: തെറ്റെന്ന് വിവരാവകാശ രേഖ


കോവിഡ് പ്രതിരോധത്തിനായി 150 രാജ്യങ്ങളെ സഹായിച്ചെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് വിവരാവകാശ രേഖ. വിവരാവകാശ അപേക്ഷക്ക് മറുപടിയായി വിദേശകാര്യമന്ത്രാലയം നല്‍കിയത് 81 രാജ്യങ്ങളുടെ പട്ടിക. ചൈനക്ക് 1.87 കോടി രൂപയുടെ സഹായം നല്‍കിയതായും രേഖകളില്‍ പറയുന്നു. എന്നാല്‍ 2.11 കോടിയുടെ സഹായം നൽകി എന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ ലോക്സഭയെ അറിച്ചിരുന്നത്.

ജൂലൈ 17ന് UN സാമ്പത്തിക സാമൂഹിക കൗൺസിലില്‍ പ്രസംഗിക്കവെ 150 രാജ്യങ്ങൾക്ക് കോവിഡ് പ്രതിരോധത്തിന് സഹായം നൽകിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇത് തെറ്റാണെന്നാണ് ആക്ടിവിസ്റ്റ് വെങ്കടേഷ് നായികിന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

81 രാജ്യങ്ങളുടെ പേരാണ് വിദേശകാര്യ മന്ത്രാലം നല്‍കിയ പട്ടികയില്‍ ഉള്ളത്. ആഗസ്റ്റ് ആദ്യ ആഴ്ച വരെ മറ്റ് രാജ്യങ്ങള്‍ക്കായി 97.73 കോടി രൂപയുടെ സഹായമാണ് നല്‍കാനുദ്ദേശിച്ചിരുന്നത് എങ്കിലും നല്‍കിയത് 69.72കോടിയുടെ സഹായമാണ്. 1.87 കോടി രൂപയുടെ സഹായം ചൈനക്ക് നൽകി. ഇതിനായുള്ള യാത്രക്കും മറ്റുമായി ഇന്ത്യ 4.24 കോടി ചിലവാക്കി എന്നും രേഖകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ 2.1 1 കോടിയുടെ 15 ടൺ വൈദ്യസഹായം നൽകി എന്നാണ് കേന്ദ്രമന്ത്രി വി മുരളീധരൻ മാർച്ച് 18ന് ലോക്സഭയെ അറിയിച്ചിരുന്നത്. മ്യാൻമറിന് 5.84 കോടിയുടെയും നേപ്പാളിന് 3.93കോടിയുടയും ബംഗ്ലാദേശിന് 3.61 കോടിയുടെയും അഫ്ഗാനിസ്ഥാന് 29 ലക്ഷം രൂപയുടെയും സഹായം നല്‍കിയതായും വിവരാവകാശ രേഖകള്‍ പറയുന്നു.

മെയ് മാസത്തിൽ നൽകിയ വിവരാവകാശ അപേക്ഷക്ക് സെപ്റ്റംബറില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.