National

അന്ന് ഇലക്ട്രീഷ്യൻ, ഇന്ന് തെരുവിൽ; പാലക്കാട് പൊലീസിന്റെ നേതൃത്വത്തിൽ 55 കാരന് പുതുജീവിതം

ഏറെക്കാലമായി പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവുകളിൽ കഴിഞ്ഞിരുന്ന നൂറണി സ്വദേശി ഇനി സഹോദരന്റെ തണലിൽ. പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ജോൺ വില്ല്യം എന്ന 55കാരന് പുതുജീവിതം സമ്മാനിച്ചത്.

കഴിഞ്ഞ മാസമാണ് വലിയങ്ങാടിയിലെ വഴിയോരത്ത് അവശനിലയിൽ ജോണിനെ കണ്ടെത്തുന്നത്. പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ആയകാലത്ത് നല്ല ജോലിയിലിരുന്ന, മികച്ച വിദ്യാഭ്യാസം നേടിയിട്ടുളള വ്യക്തിയാണ് ജോൺ വില്യമെന്ന് മനസിലായി. ഉദ്യോഗസ്ഥരുടെയും ട്രോമാകെയർ സൊസൈറ്റിയുടേയും നേതൃത്വത്തിൽ കുളിപ്പിച്ച് വൃത്തിയാക്കി ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാൽ നടക്കാറായതോടെ ആരോടും പറയാതെ ജോൺ ആശുപത്രി വിട്ടു. പിന്നെ വീണ്ടും തെരുവുകളിൽ അഭയം തേടി. പൊലീസ് ഉദ്യോഗസ്ഥർ മുടങ്ങാതെ ഭക്ഷണം നൽകും.

‘വർക്ക് ഷോപ്പിൽ ഇലക്ട്രീഷ്യനായിരുന്നു. കൊൽക്കത്തയിൽ നിന്ന് കണ്ണിനസുഖമായി തിരിച്ചുവന്നു. പിന്നെ ഈ തെരുവിലാണ്’- വയോധികൻ പറഞ്ഞു.

സഹോദരൻ എസ്ബിഐയിൽ ഉദ്യോഗസ്ഥനാണെന്നറിഞ്ഞതോടെ പിന്നെ ആ വഴിയായി പൊലീസ് അന്വേഷണം. അങ്ങനെ സഹോദരനെ കണ്ടെത്തി വിവരങ്ങൾ ധരിപ്പിച്ചു. ഏറ്റെടുക്കാൻ തമിഴ്നാട്ടിൽ നിന്ന് സഹോദരൻ ഓടിയെത്തി. ഇതോടെ പൊലീസ് ദൗത്യത്തിന് പരിസമാപ്തി കുറിച്ചു.