India National

കോവിഡ് ഉയര്‍ന്ന മരണനിരക്ക്; ‘ഗുജറാത്ത് മോഡല്‍’ പുറത്തായെന്ന് രാഹുല്‍ ഗാന്ധി

കോവിഡ് കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാറിനെ തുറന്നുകാട്ടി രാഹുല്‍ ഗാന്ധി.

കോവിഡ് കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാറിനെ തുറന്നുകാട്ടി രാഹുല്‍ ഗാന്ധി. ഗുജറാത്ത് മോഡല്‍ പുറത്തായെന്ന് ഗുജറാത്തിലെ ഉയര്‍ന്ന മരണനിരക്ക് സംബന്ധിച്ച ബി.ബി.സി ന്യൂസ് പങ്കുവെച്ച് രാഹുല്‍ഗാന്ധി വ്യക്തമാക്കി. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, പുതുച്ചേരി, ജാര്‍ഖണ്ഡ്, ചത്തീസ്ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് മരണനിരക്ക് പങ്കുവെച്ചാണ് ഗുജറാത്ത് മോഡല്‍ പുറത്തായെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ഗുജറാത്തിലാണ് ഉയര്‍ന്ന കോവിഡ് മരണനിരക്ക്.

6.25 ശതമാനമാണ് ഗുജറാത്തിലെ കോവിഡ് മരണനിരക്ക്. മഹരാഷ്ട്ര(3.73%) രാജസ്ഥാന്‍(2.32%) പഞ്ചാബ്(2.17%) പുതുച്ചേരി(1.98%) ജാര്‍ഖണ്ഡ്(0.5%)ഛത്തീസ്ഖണ്ഡ്(0.35%) എന്നിങ്ങനെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിലുള്ളത്. രാജ്യത്തെ ഉയര്‍ന്ന കോവിഡ് കേസുകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഗുജറാത്തില്‍ 24,000 ആണ് കോവിഡ് കേസുകള്‍. 1505 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. തിങ്കളാഴ്ച മാത്രം 514 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,667 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 380 പേർ മരിച്ചു. ഇതുവരെ 3,43,091 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1,53,178 പേർ ഇപ്പോഴും ചികിൽസയിലുണ്ട്. 1,80,013 പേർ രോഗവിമുക്തരായി. 9,900 പേർ രാജ്യത്ത് ഇതുവരെ മരിച്ചു. കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. ഇന്നും നാളെയുമായിട്ടാണു ചർച്ച. ആറാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്.