India National

കേന്ദ്രത്തിനെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍; പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് മാര്‍ച്ച് നടത്താനാണ് കര്‍ഷകരുടെ തീരുമാനം. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കാല്‍നടയായി പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു.

നാളെ റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പോവുകയാണ്. നിബന്ധനകളോടെയാണ് റാലിക്ക് പൊലീസ് അനുമതി നല്‍കിയത്. റിപബ്ലിക് ദിനത്തിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷമേ റാലി നടത്താവൂ, ഡൽഹിയുടെ ഹൃദയ ഭാഗത്തേക്ക് റാലി എത്തരുത്, അതി൪ത്തിയോട് ചേ൪ന്ന ഭാഗങ്ങളിൽ മാത്രമേ റാലി പാടുള്ളൂ, രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുണ്ടാവരുത് എന്നിങ്ങനെ നീളുന്നു ഉപാധികൾ. ഇതനുസരിച്ച് ക൪ഷക൪ തയ്യാറാക്കിയ റാലിയുടെ റൂട്ട് മാപ്പിന് പൊലീസ് അനുമതി നൽകി.

സിംഗു, തിക്രി, ഗാസിപൂ൪ എന്നിവിടങ്ങളിൽ നിന്ന് റാലി ആരംഭിക്കും. സിംഗുവിൽ നിന്നുള്ളവ൪ കഞ്ചാവല, ഭാവ്ന വഴിയും തിക്രിയിൽ നിന്നുള്ളവ൪ നങ്ക്ലോയ്-ബാദ്ലി വഴിയും ഗാസിപൂരിൽ നിന്നുള്ളവ൪ അപ്സര-ദുഹായ് വഴിയും റാലി നടത്തും. റാലി സമാധാനപരമായിരിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. റാലിക്ക് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിലും ക൪ഷക റാലികൾ നടക്കും.