India National

സര്‍ക്കാരുമായി തത്ക്കാലം ചര്‍ച്ചയില്ല; ബിജെപി നേതാക്കളുടെ വസതികളിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് കര്‍ഷകര്‍

ഖനൗരിയില്‍ സമരത്തിനിടെ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ച ചര്‍ച്ചയുമായി തല്‍ക്കാലം സഹകരിക്കേണ്ടതില്ല എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും.

ബിജെപി നേതാക്കളുടെ വസതികളിലേക്ക് ട്രാക്ടര്‍ കിസാന്‍ മോര്‍ച്ച മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിമുതല്‍ രണ്ട് മണി വരെ കര്‍ഷകര്‍ റോഡ് തടഞ്ഞ് സമരം നടത്തും.

പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവിലും ഖനൗരിയിലും തുടരാന്‍ കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് അതിര്‍ത്തികളില്‍ തുടരുന്ന കര്‍ഷകര്‍ നാളെ ഡല്‍ഹിയിലേക്ക് നീങ്ങും. കഴിഞ്ഞദിവസം പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഖനൗരിയില്‍ മൂന്ന് കര്‍ഷകര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു