India National

ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍

ആദ്യഘട്ട ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന്. അവസാന മണിക്കൂറുകളില്‍ പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നത്. ആദ്യഘട്ടത്തില്‍ 71 മണ്ഡലങ്ങള്‍ വിധിയെഴുതും. പല മണ്ഡലങ്ങളിലും ചതുഷ്കോണ മത്സരമാണ് ഇത്തവണ നടക്കുന്നത്.

കോവിഡിനിടെയും ശക്തമായ പ്രചാരണമാണ് ബീഹാറില്‍ കഴിഞ്ഞ 2 ആഴ്ചയായി നടന്നത്. വികസം, രാജ്യസുരക്ഷ, കോവിഡ് പ്രതിരോധ പ്രവർത്തനം തുടങ്ങിയവ ഉയർത്തിയായിരുന്നു എന്‍ഡിഎയുടെ പ്രചാരണം. സർക്കാർ പരാജയങ്ങള്‍, യുവാക്കൾക്ക് തൊഴിൽ, കാർഷിക നിയമങ്ങൾ റദ്ദാക്കും, ആരോഗ്യ മേഖലയിൽ സമഗ്ര പാക്കേജ്, സ്ത്രീ സുരക്ഷാ എന്നിവക്കാണ് മഹാസഖ്യം പ്രാധാന്യം നല്‍കിയത്. എന്നാല്‍ പ്രചാരണം കൊട്ടിക്കലാശത്തോട് അടുത്തതോടെ അഴിമതി ആരോപണങ്ങളിലേക്ക് തിരിഞ്ഞു.

ഒന്നര പതിറ്റാണ്ടായി തുടരുന്ന അഴിമതി ഭരണം അവസാനിപ്പിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് ആര്‍ജെഡി നേതാവ് തേജസ്വീ യാദവും അധികാരത്തിലെത്തിയാല്‍ അഴിമതികാരനായ നീതിഷ് കുമാറിനെ ജയിലില്‍ ഇടുമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പസ്വാനും പറഞ്ഞു. അഴിമതി മാത്രം നടത്തിയ കുടുംബം അപ്രസക്തമാകുന്ന തെരഞ്ഞെടുപ്പാണിതെന്ന് നിതിഷ് കുമാർ മറുപടി നല്കി.

16 ജില്ലകളിലെ 71 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ വിധിയെഴുതുക. എന്‍ഡിഎയും മഹാസഖ്യവും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും എല്‍ജെപിയും അസദുദ്ദീൻ ഒവൈസിയും, ഉപേന്ദ്ര ഖുശ്വാഹയും നേതൃത്വം നൽകുന്ന മൂന്നാം മുന്നണിയും നിർണായകമാണ്. ആദ്യ ഘട്ടത്തിലെ 71 ല്‍ 42 മണ്ഡലത്തില്‍ എൽജെപിക്ക് സ്ഥാനാർത്ഥികളുണ്ട്.