India National

കേന്ദ്രമന്ത്രിക്കും ബി.ജെ.പി എം.പിക്കും പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിവാദ പ്രസ്താവനകളെ തുടര്‍ന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനും ബി.ജെ.പി നേതാവും എം.പിയുമായ പർവേഷ് വർമയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തി. അനുരാഗ് താക്കൂറിന് 72 മണിക്കൂറും പര്‍വേഷ് വര്‍മക്ക് 96 മണിക്കൂറുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. നിർണായക ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ബി.ജെ.പി തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 70 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. ഫെബ്രുവരി 11 നാണ് വോട്ടെണ്ണൽ.

ഇരുവരെയും ബി.ജെ.പിയുടെ സ്റ്റാർ കാമ്പെയ്‌നർമാരുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇവര്‍ക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. തിങ്കളാഴ്ച നടന്ന ഒരു റാലിയില്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭകരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച അനുരാഗ് താക്കൂര്‍, രാജ്യദ്രോഹികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. പശ്ചിമ ഡല്‍ഹിയിൽ നിന്നുള്ള പാർലമെന്റ് അംഗം പര്‍വേഷ് വർമ്മ, കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് കശ്മീരിൽ സംഭവിച്ചത് ഡല്‍ഹിയിൽ സംഭവിക്കാമെന്ന് പറഞ്ഞിരുന്നു. ശഹീൻ ബാഗിലെ ലക്ഷക്കണക്കിന് സി‌.എ‌.എ വിരുദ്ധ പ്രക്ഷോഭകർ സ്ത്രീകളെ കൊല്ലാനും ബലാത്സംഗം ചെയ്യാനും വീടുകളിൽ കടന്നുകയറുമെന്നും പര്‍വേഷ് പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ബി.ജെ.പി സ്ഥാനാർഥി കപിൽ മിശ്രയെ 48 മണിക്കൂർ, പ്രചാരണത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു.