India Kerala

ആഡംബര ബസ്സുകളെ പെര്‍മിറ്റ് ഇല്ലാതെ ഓടിക്കാനുള്ള നീക്കത്തിനെതിരെ കേരളം

ആഡംബര ബസ്സുകള്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ഓടാൻ കഴിയുന്ന വിധത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാനുളള നീക്കത്തിനെതിരെ കേരളം. തുടര്‍നടപടി സ്വീകരിക്കാന്‍ ഗതാഗതമന്ത്രി ഉന്നതതല യോഗം വിളിച്ചു. കെ.എസ്.ആര്‍.ടിസിയുടേയും സ്വകാര്യബസുകളുടേയും നിലനില്‍പ്പിന് നിയമഭേദഗതി ഭീഷണയിയാകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ മീഡിയവണ്ണിനോട് പറഞ്ഞു.

22 സീറ്റിൽ കൂടുതലുളള ലക്ഷ്വറി ബസുകൾക്ക് സംസ്ഥാന സർക്കാറിന്‍റെ അനുമതിയില്ലാതെ റൂട്ട് ബസായി സർവീസ് നടത്താൻ അനുവാദം നൽകുന്ന നിയമഭേദഗതിക്കാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നിയമഭേദഗതിക്കുളള കരട് സംസ്ഥാനങ്ങളുടെ അഭിപ്രായമാരായുന്നതിനായി അയച്ചു കഴിഞ്ഞു. ഇതിനെതിരെയാണ് സംസഥാന സർക്കാർ രംഗത്തുവന്നിരിക്കുന്നത്.

കേന്ദ്രത്തിന്‍റെ നീക്കം പൊതുഗതാഗത മേഖലയെ തകർക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ മീഡിയവണ്ണിനോട് പറഞ്ഞു. വിയോജിപ്പ് അറിയിച്ച് കേന്ദ്രത്തിന് കത്ത് നൽകുന്നതിനായി ഈ മാസം 17ന് മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേരും. നിയമ സെക്രട്ടറിയും ട്രാൻസ്പോർട്ട് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും. ആവശ്യമെങ്കിൽ ട്രേഡ് യൂണിയുകളുടെ യോഗവും വിളിക്കുമെന്നും മന്ത്രി പറഞ്ഞു. റൂട്ടും സമയവും നിരക്കും നിശ്ചിച്ച് സർവീസ് നടത്താവുന്ന സ്റ്റേജ് കാര്യേജ് പെർമിറ്റ് നിലവിൽ ആഡംബര ബസുകൾക്കില്ല,പുതിയ ഭേദഗതി വന്നാൽ എ.സി ഡീലക്സ് ബസുകൾക്ക് അവർ നിശ്ചയിക്കുന്ന സമയത്തും റൂട്ടുകളിലും ഓടാൻ കഴിയും.