India

വായു മലിനീകരണം; ഡൽഹിയുടെ സംഭാവന 31%; 69% പുറത്ത് നിന്നെന്ന് പരിസ്ഥിതി മന്ത്രി

അന്തരീക്ഷ മലിനീകരണത്തിൽ ഡൽഹിയുടെ സംഭാവന 31 ശതമാനമാണെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. ബാക്കിയുള്ള 69 ശതമാനം മലിനീകരണം ഡൽഹിക്ക് പുറത്തുനിന്നാണെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആന്റ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR) പുറത്തുവിട്ട ഡാറ്റയെ അടിസ്ഥാനത്തിൽ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (CSE) പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കേന്ദ്ര സർക്കാരിന്റെ സംയുക്ത പ്രവർത്തന പദ്ധതിയില്ലാതെ രാജ്യ തലസ്ഥാനത്തെ മലിനീകരണം തടയുക അസാധ്യമാണെന്ന് ഗോപാൽ റായ് കൂട്ടിച്ചേർത്തു. CSE റിപ്പോർട്ട് പ്രകാരം ഒക്‌ടോബർ 24 നും നവംബർ 8 നും ഇടയിലുള്ള വായു മലിനീകരണത്തിൽ ഡൽഹിയുടെ സംഭാവന 31 ശതമാനമാണ്. 2016 ലെ TERI റിപ്പോർട്ടിൽ ഇത് 36 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

“നമ്മൾ എത്ര ശ്രമിച്ചാലും, കേന്ദ്രത്തിന്റെയും മോണിറ്ററിംഗ് ടീമിന്റെയും സംയുക്ത പ്രവർത്തന പദ്ധതിയില്ലാതെ 70 ശതമാനം മലിനീകരണത്തിൽ നിന്ന് മുക്തി നേടാനാവില്ല. ഡൽഹിയിലെ മലിനീകരണത്തിൽ വലിയ പങ്കുവഹിക്കുന്നത് പുറത്തുനിന്നുള്ളതാണെന്ന് ഡാറ്റ സ്ഥാപിക്കുന്നു. മലിനീകരണത്തിന്റെ പേരിൽ ഡൽഹി പഴി കേൾക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

SAFAR പ്രകാരം, ഡൽഹിയിലെ വായു ഗുണനിലവാരം തുടർച്ചയായ അഞ്ചാം ദിവസവും “വളരെ മോശം” വിഭാഗത്തിൽ തുടരുകയാണ്. അതേസമയം എയർ ക്വാളിറ്റി സൂചിക ബുധനാഴ്ച 379 ൽ നിന്ന് ഇന്ന് 362 ആയി കുറഞ്ഞിട്ടുണ്ട്.