India Kerala

പൗരത്വ നിയമ ഭേദഗതി; സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാൻ സാധ്യത

പൗരത്വ നിയമ ഭേദഗതിയിലെ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാൻ സാധ്യത. പദവിക്ക് യോജിച്ച രീതിയിൽ പ്രവർത്തിക്കാൻ ആയില്ലെങ്കിൽ രാജി വച്ച രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങണം എന്ന് ഭരിക്കുന്ന പാർട്ടി പറഞ്ഞ സാഹചര്യത്തിൽ സർക്കാരിനോട് ഗവർണർ എന്ത് സമീപനം സ്വീകരിക്കുന്നത് നിർണായകമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കുന്നതിലുള്‍പ്പെടെ ഗവർണർ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പ്രതിപക്ഷവും ഗവർണറും എന്ന നിലയിൽ നിന്ന് ഭരണപക്ഷവും ഗവർണറും എന്ന നിലയിലേക്ക് പൗരത്വ ഭേദഗതി നിയമത്തിലെ തർക്കം വഴിമാറി. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ നേരിടേണ്ടിവന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനോട് കണിശമായ ഇടപെട്ടേക്കുമെന്നാനാണ് സൂചന. ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുകയും ഡി.ജി.പിയുടെ റിപ്പോർട്ട് തേടുകയും ഗവർണർ കൃത്യമായ സൂചനാ സന്ദേശമാണ് നൽകുന്നത്. ഗവർണർ രാഷ്ട്രീയ നിലപാട് പറയുകയാണെന്ന് ഭരണ പ്രതിപക്ഷങ്ങൾ ആരോപിക്കുമ്പോൾ താൻ ഭരണഘടനാപരമായ ബാധ്യത നിറവേറ്റുക എന്ന നിലപാടാണ് ഗവർണർക്ക് ഉള്ളത്.

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് സർക്കാരിന്റെ പ്രഖ്യാപനത്തോട് ഗവർണർക്ക് എതിരഭിപ്രായം ഉണ്ട്. ഗവർണറും സർക്കാറും പരസ്യമായി പോരടിക്കുന്ന സാഹചര്യം ഭരണനിർവ്വഹണത്തെ ബാധിക്കുമോ എന്ന ആശങ്കയും തള്ളിക്കളയാനാവില്ല. കണ്ണൂരിൽ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ ഗവർണർ സർക്കാറിനോട് ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നും ശ്രദ്ധേയമാണ്. സർക്കാരും ഗവർണറും അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമാക്കി മുന്നോട്ടുപോകുന്നത് ആശങ്ക ഭരണഘടനാ വിദഗ്ധരും പങ്കുവെക്കുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ ഗവർണറുടെ നടപടികൾ ഏറെ ശ്രദ്ധിക്കപ്പെടും.