India National

സംഘടന സംവിധാനത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്

ഡിസംബര്‍ 14ന് ശേഷം സംഘടന സംവിധാനത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നേതാക്കള്‍ കൂട്ടമായി രാജിവച്ചുണ്ടായ ഒഴിവുകളും നികത്തും. സോണിയ ഗാന്ധി അധ്യക്ഷ പദത്തിലേക്ക് തിരിച്ചെത്തിയതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കാകും മുന്‍ഗണന എന്നാണ് വിലയിരുത്തല്‍.

ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയവും രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദമൊഴിയലും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയിരുന്നു. ജനറല്‍ സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ രാജി നല്‍കി. പ്രവര്‍ത്തനങ്ങളിലും ഒരു വിഭാഗം നേതാക്കള്‍ സജീവമല്ല.

സോണിയ ഗാന്ധി അധ്യക്ഷ പദത്തില്‍ എത്തിയ ഉടന്‍ സംഘടന തലത്തില്‍ അഴിച്ചു പണി ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പു തിരക്കുകള്‍ മൂലം ഉണ്ടായില്ല. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഡിസംബര്‍ 14ന് രാംലീല മൈതാനത്ത് നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിക്ക് ശേഷം പുനസംഘടന നടത്താനാണ് ഒരുക്കം. ജനറല്‍ സെക്രട്ടറി പദം, വിവിധ വിഭാഗങ്ങളുടെ തലവന്‍മാര്‍ തുടങ്ങിയ പദവികളിലാകും വലിയ മാറ്റം ഉണ്ടാവുക. സോണിയ ഗാന്ധി അധ്യക്ഷ പദത്തിലേക്ക് തിരിച്ചെത്തിയതിനാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കാകും മുന്‍ഗണന എന്നാണ് വിലരുത്തല്‍.

ഹരിയാന പി.സി.സിയില്‍ അശോക് തന്‍വാറിനെ മാറ്റി കുമാരി ഷെല്‍ജയെ നിയമിച്ചതും മഹാരാഷ്ട്രയില്‍ ഏക്നാഥ് ഗെയ്ക്വാഡിനെ നിയമിച്ചതും ഇതിനുദാഹരമായി ചൂണ്ടിക്കാട്ടപ്പെടുന്നു.