HEAD LINES India

ചന്ദ്രയാൻ -3 വിജയം: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും ഉണ്ടാക്കുന്ന മാറ്റങ്ങൾ!

ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ -3 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തി. രാജ്യത്തിൻറെ ബഹിരാകാശ പദ്ധതികളുടെ ചരിത്രത്തിലെ അസാധാരണ നിമിഷമായിരുന്നു അത്. വികസനത്തിന്റെ ഈ നാഴികക്കല്ലുകൾ ഇന്ത്യക്കാരുടെ മാത്രമല്ല, നിക്ഷേപകരുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നാണ് നിരീക്ഷണം. ഈ നേട്ടത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആ​ദ്യത്തെ രാജ്യവും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ മാറി. ഈ നേട്ടങ്ങളുടെയെല്ലാം പ്രതിഫലനം ഇപ്പോൾ ഓഹരി വിപണിയിലും വ്യക്തമാണ്. ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ആകെ ചെലവ് 615 കോടി രൂപയായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയം സ്‌പേസുമായി ബന്ധപ്പെട്ട ഓഹരികളിലുണ്ടാക്കിയ കുതിപ്പ് 31,000 കോടി രൂപയുടേതാണ്. (chandrayaan expense and possibilities in share market)

ചന്ദ്രയാൻ-3 നായി ഐഎസ്ആർഒയ്ക്ക് നിർണ്ണായക ഘടകങ്ങളും സിസ്റ്റങ്ങളും നൽകിയ, അധികം അറിയപ്പെടാത്ത സെന്റം ഇലക്ട്രോണിക്സിന്റെ ഓഹരികൾ ഈ ആഴ്ച 26% മാണ് വർദ്ധിച്ചത്. അവന്റൽ, ലിൻഡെ ഇന്ത്യ, പാരസ് ഡിഫൻസ്, ഭാരത് ഹെവി ഇലക്ട്രിക്കൽസ് എന്നിവയുടെ ഓഹരികളിലും ഈ ആഴ്ച ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

ഇപ്പോൾ വിപണികളിൽ “മൂൺ മാഡ്‌നെസ്സ്” എന്നാണ് നിരീക്ഷകർ പറയുന്നത്. കാരണം ഗോദ്‌റേജ് ഇന്‍ഡസ്ട്രീസിന്റെ വിലയില്‍ വരെ എട്ട് ശതമാനം കുതിപ്പുണ്ടായി. അതിനു കാരണമായി പറയുന്നത് ഐസ്ആര്‍ഒയ്ക്ക് ഘടകങ്ങള്‍ സപ്ലൈ ചെയ്യുന്ന ഗോദ്‌റേജ് എയ്‌റോസ്‌പേസ് ഗോദ്‌റേജ് ഇന്‍ഡസട്രീസിന്റെ സബ്‌സിഡിയറിയാണെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് എന്നാണ്. എന്നാല്‍ ഗോദ്‌റേജ് എയ്‌റേസ്‌പേസ് ഗോദ്‌റേജ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമല്ല എന്നതാണ് വസ്തുത. കമ്പനി ഇക്കാര്യത്തില്‍ വിശദീകരണം നൽകിയിട്ടുണ്ട്.

ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമായി ഇന്ത്യയെ മാറ്റുന്നതിൽ പങ്കുവഹിച്ച കമ്പനികളുടെ പട്ടിക വളരെ വലുതാണ്. ഉപസംവിധാനങ്ങളുടെ നിർമ്മാണം മുതൽ മിഷൻ ട്രാക്കിംഗ് വരെയുള്ള കാര്യങ്ങളിൽ ഭാഗമായ ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി), മൂന്ന് ഘട്ടങ്ങളുള്ള ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിളായ എൽവിഎം3 എം4-ന് നിർണായക സാമഗ്രികൾ വിതരണം ചെയ്ത പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ മിശ്ര ധാതു നിഗം. പമ്പ് ഇന്റർസ്റ്റേജ് ഹൗസിംഗ് വിതരണം ചെയ്ത PTC ഇൻഡസ്ട്രീസ്, വികാസ് എഞ്ചിനുകൾ, ടർബോ പമ്പ്, ബൂസ്റ്റർ പമ്പ് എന്നിവയുൾപ്പെടെയുള്ള ക്രയോജനിക് എഞ്ചിൻ സബ്സിസ്റ്റം പോലുള്ള ഉപകരണങ്ങൾ വിതരണം ചെയ്ത MTAR, നാവിഗേഷൻ സിസ്റ്റംസ് സപ്ലൈ ചെയ്ത പാരസ്(paras), ടൈറ്റാനിയം ടാങ്കുകളും ബാറ്ററികളും വിതരണം ചെയ്ത PSU BHEL എന്നിവയാണ് കമ്പനികൾ.

ബഹിരാകാശ വിപണിയില്‍ അനന്തമായ അവസരങ്ങളാണ് ചന്ദ്രയാന്‍ ദൗത്യം ഇന്ത്യന്‍ കമ്പനികള്‍ക്കായി തുറന്നിടുന്നത്. 447 ബില്യൺ ഡോളറിന്റെ ആഗോള ബഹിരാകാശ വിപണിയിൽ ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ പല ഇന്ത്യന്‍ കമ്പനികള്‍ക്കും വലിയ അവസരങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്. ഗഗൻയാൻ, ആദിത്യ എൽ1, എക്‌സ്‌പോസാറ്റ്, നിസാർ, സ്‌പാഡെക്‌സ് തുടങ്ങിയ ഐഎസ്‌ആർഒയുടെ വരാനിരിക്കുന്ന മറ്റ് ദൗത്യങ്ങൾ. ഇത് ഇന്ത്യൻ കമ്പനികൾക്കും സ്‌പേസ്, ഡിഫൻസ് ഓഹരികൾക്കും ഭാവിയിൽ വൻ കുതിപ്പാണ് വരാനിരിക്കുന്നത്.

447 ബില്യൺ ഡോളറിന്റെ ആഗോള ബഹിരാകാശ വിപണിയിൽ 5 ശതമാനത്തിൽ താഴെയാണ് ഇന്ത്യയുടെ വിപണി വിഹിതം. 2023-ലാണ് സ്വകാര്യ കമ്പനികൾക്കായി ബഹിരാകാശ മേഖല തുറന്നുകൊടുത്തത്. സാധ്യതകളുടെയും അവസരങ്ങളുടെയും വലിയൊരു ലോകമാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്നത് എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.