India Kerala

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സംഘര്‍ഷത്തില്‍ മരിച്ചവരില്‍ മലയാളിയും

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും. കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിജേഷ്‌ ആണ് കൊല്ലപ്പെട്ടത്. മറ്റൊരു മലയാളിക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശിയായ ഉല്ലാസിനാണ് പരിക്കേറ്റത്.

ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ ജില്ലയില്‍ സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റാണ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. വെടിവെച്ച ആള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂരിലാണ് സംഭവം. റഹ്മാന്‍ ഖാന്‍ എന്ന ഐ.ടി.ബി.പി കോണ്‍സ്റ്റബിള്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വെടിയേറ്റ രണ്ട് പേരെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അവധി ലഭിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഉത്തരവിട്ടു.

റഹ്മാന്‍ ഖാന്‍ സ്വയം വെടിവെച്ചതാണോ മറ്റുള്ളവരുടെ വെടിയേറ്റ് മരിച്ചതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളും ഒരാള്‍ ഹിമാചല്‍ പ്രദേശുകാരനും മറ്റൊരാള്‍ പഞ്ചാബ് സ്വദേശിയുമാണ്.