India

“ശബരിമലയില്‍ ഭക്തരായ സ്ത്രീകള്‍ പോകുന്നതില്‍ പ്രശ്നമില്ല”; വീണ്ടും ബി.ജെ.പിയുടെ ഇരട്ടത്താപ്പ്

ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയപ്പോള്‍ കേരളത്തില്‍ വ്യാപക അ‌ക്രമം അഴിച്ചുവിട്ട ശേഷം ദേശീയതലത്തില്‍ ബി.ജെ.പിയുടെ ഇരട്ടത്താപ്പ്. ശബരിമലയില്‍ വിശ്വാസികളായ സ്ത്രീകള്‍ പോകുന്നതില്‍ പ്രശ്നമില്ലെന്ന് ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ വി.മുരളീധരന്‍ പറഞ്ഞു‍. സി.എന്‍.എന്‍ ന്യൂസ് 18 ചാനല്‍ ചര്‍ച്ചയിലാണ് മുരളീധരന്‍ ഇങ്ങനെ പറഞ്ഞത്. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ അതില്‍ യാതൊരു പ്രശ്നവുമില്ല. അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്‍റെയും പോലീസിന്റെയും ഉത്തരവാദിത്തമാണ്. എന്നാല്‍ കേരളത്തില്‍ നടന്ന ശബരിമല പ്രവേശനം അത്തരത്തില്‍ അല്ല. സ്ത്രീകള്‍ സ്വമേധയാ വന്നതല്ല, പൊലീസ് ആസൂത്രണം ചെയ്തതാണത്”, എന്നാണ് മുരളീധരന്‍ പറഞ്ഞത്.

ഇത് ആദ്യമായല്ല ശബരിമല വിഷയത്തിലെ ബി.ജെ.പി നേതാക്കളുടെ ഇരട്ടത്താപ്പ് പുറത്തുവരുന്നത്. ബി.ജെ.പിയുടെ സമരം ശബരിമല യുവതീ പ്രവേശനത്തിനെതിരെയല്ലന്നും കമ്യൂണിസ്റ്റുകാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള നേരത്തെ പറഞ്ഞിരുന്നു. രണ്ട് യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഇവിടെ അക്രമം അഴിച്ചുവിടുമ്പോള്‍ തികച്ചും വ്യത്യസ്തമായ പ്രതികരണമാണ് ദേശീയ തലത്തില്‍ ബി.ജെ.പി നേതാവ് നടത്തിയത്.