India National

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചു; 370ാം വകുപ്പ് റദ്ദാക്കി

ഭരണഘടനാ പ്രകാരം ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി മന്ത്രിസഭാ തീരുമാനം വഴി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും കേന്ദ്രം തീരുമാനിച്ചു. ലഡാക്, ജമ്മുകശ്മീര്‍ എന്നിങ്ങനെയാണ് വിഭജനം. എന്നാല്‍ ജമ്മുകശ്മീറിന് സംസ്ഥാന നിയമസഭയുണ്ടായിരിക്കും. പാര്‍ലമെന്റില്‍ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെ ആഭ്യന്തര മന്ത്രി അമിത് ഷായാണ് തീരുമാനം രാജ്യത്തെ അറിയിച്ചത്. ജനാധിപത്യത്തെ കശാപ്പ് ചെയ്ത കറുത്ത ദിനമാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 370ാം വകുപ്പാണ് റദ്ദാക്കിയത്. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്നതാണ് 370ാം വകുപ്പ്.

ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. കശ്മീര്‍ വിഷയത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുകയാണ്. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവച്ചിരുന്നു.