India

സിനിമ ഡൗൺലോഡ് ചെയ്യാൻ സെക്കന്റുകൾ മാത്രം; രാജ്യത്തെ എയർടെലിന്റെ 5ജി പരീക്ഷണം വിജയകരം

ഇന്ത്യയിൽ ആദ്യമായി 5ജി സേവനം വിജയകരമായി പരീക്ഷിക്കുന്ന ആദ്യത്തെ ടെലികോം കമ്പനിയായി എയർടെൽ മാറി

5ജി സ്‌പെക്ട്രം ലേലം പോലും നടന്നിട്ടില്ല, എന്നിട്ടും എയർടെലിന് എങ്ങനെ രാജ്യത്ത് 5ജി പരീക്ഷിക്കാൻ സാധിച്ചു എന്ന് ചിന്തിക്കുന്നവരുണ്ടാവും. അതുപോലെ എയർടെൽ ഏത് ഫ്രീക്വൽസി ബാൻഡാണ് ഉപയോഗിച്ചതെന്നും സംശയമുന്നയിച്ചേക്കാം. എന്നാൽ, എല്ലാത്തിനും എയർടെൽ ഉത്തരം നൽകിയത് ഒരു വാർത്താകുറിപ്പിലൂടെയാണ്.

‘1800 മെഗാഹെർട്‌സ് ബാൻഡിൽ സ്പെക്ട്രം ബ്ലോക്ക് ഉപയോഗിച്ചതായി എയർടെൽ വെളിപ്പെടുത്തി. ഹൈദരാബാദിൽ ഒരേ സ്‌പെക്ട്രം ബ്ലോക്കിനുള്ളിൽ ഒരേസമയം 5ജി, 4ജി പരിധിയില്ലാതെ പ്രവർത്തിപ്പിക്കാൻ എൻഎസ്എ സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്നും അവർ വ്യക്തമാക്കി’. ഈ നാഴികക്കല്ല് പിന്നിടാൻ ഇതുവരെ ആരും പരീക്ഷിക്കാത്ത ഡൈനാമിക് സ്‌പെക്ട്രം പങ്കിടൽ സംവിധാനമാണ് എയർടെൽ ഉപയോഗിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

5ജി പരീക്ഷണ ഘട്ടത്തിൽ ഹൈദരാബാദിലെ തങ്ങളുടെ ഉപയോക്താക്കൾ ഒരു മുഴുനീള സിനിമ ഡൗൺലോഡ് ചെയ്യാനെടുത്തത് സെക്കന്റുകൾ മാത്രമായിരുന്നുവെന്നും എയർടെൽ അവകാശപ്പെട്ടു.