India Social Media

‘ബിരിയാണി കഴിച്ചാല്‍ ജിഹാദി, തലപ്പാവ് ധരിച്ചാല്‍ ഖാലിസ്ഥാനി; ഫാഷിസ്റ്റ് സര്‍ക്കാരിനെ കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല’: സിദ്ധാര്‍ഥ്

അറസ്റ്റിലായ പരിസ്​ഥിതി പ്രവർത്തക ദിഷ രവിക്ക്​ പിന്തുണയുമായി​ തമിഴ്​ താരം സിദ്ധാർഥ്​. ദിഷ രവിക്ക്​ നിരുപാധികമായ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചാണ് സിദ്ധാര്‍ഥിന്‍റെ ട്വീറ്റ്.

പ്രതിഷേധക്കാർ പള്ളിയിൽ ഒത്തുകൂടിയാൽ അവർ ​ക്രിസ്​ത്യൻ കലാപകാരികളാകും. ബിരിയാണി കഴിച്ചാൽ ജിഹാദികൾ, തലപ്പാവ് ധരിച്ചാൽ ഖാലിസ്​ഥാനിക​ളെന്ന്​ വിളിക്കും. സംഘടിച്ചാല്‍ ടൂൾ കിറ്റാകും. പക്ഷേ ഫാഷിസ്റ്റ്​ സർക്കാറി​നെക്കുറിച്ച്​ നമുക്കൊന്നും പറയാൻ കഴിയില്ല. നാണക്കേട്​.

സിദ്ധാർഥ്​

മാധ്യമങ്ങളെയും ഡൽഹി പൊലീസിനെയും സിദ്ധാര്‍ഥ് വിമര്‍ശിച്ചു. ഗോഡി മീഡിയ എന്താണ്​ ടൂൾ കിറ്റ്​ എന്നുപോലും അന്വേഷിച്ചില്ലെന്ന് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു. നിങ്ങൾക്ക്​ സുഹൃത്തുക്കൾക്കൊപ്പം ഒരു സിനിമ കാണാൻ പോകണം. നിങ്ങൾ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയക്കുന്നു. ഏത്​ സിനിമ, എവിടെ ചേരണം, ഏത് സമയത്ത് എന്നിങ്ങനെ. ഇതാകാം ഒരു ടൂൾ കിറ്റെന്നും ട്വീറ്റിൽ സിദ്ധാർഥ്​ കുറിച്ചു. ദിഷക്ക് ഇങ്ങനെ സംഭവിച്ചതില്‍ ഖേദമുണ്ട്. ഞങ്ങള്‍ ദിഷക്കൊപ്പമുണ്ട്. ഈ അനീതിയും കടന്നുപോകുമെന്നും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.

ദിഷ രവി നിലവിൽ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. ടൂൾ കിറ്റ് കേസിൽ മറ്റ് രണ്ട് പേർക്കെതിരെ കൂടി ഡൽഹി പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബോംബെയിലെ മലയാളി അഭിഭാഷക നിഖിത ജേക്കബ്, ശാന്തനു എന്നിവർക്കാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നിഖിത അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം ഖാലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ സ്ഥാപിച്ച എം ഒ ധലിവാലയുടെ ആവശ്യപ്രകാരം ഇവർ മൂന്ന് പേരും ചേർന്നാണ് ടൂൾകിറ്റ് നിർമിച്ചതെന്നാണ് പൊലീസ് വാദം.