India National

ഈ പിഴവ് വരുത്തിയാല്‍ ആധാര്‍ കാര്‍ഡ് ഉടമകള്‍ 10,000 രൂപ നല്‍കേണ്ടി വരും

ആധാര്‍ നമ്പര്‍ തെറ്റി നല്‍കിയാല്‍ 10,000 പിഴ നല്‍കേണ്ടി വരും. പെര്‍മനെന്റ് അക്കൗണ്ട് നമ്പറിന് (പാന്‍) പകരം 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ തെറ്റുപറ്റിയാലാണ് ഇത്രയും തുക പിഴയായി അടക്കേണ്ടി വരിക. 1961ലെ ഇന്‍കം ടാക്സ് നിയമത്തില്‍ ഭേദഗതിവരുത്തി അവതരിപ്പിച്ച 2019ലെ ഫിനാന്‍സ് ബില്ലിലാണ് പാനിനുപകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ ഈയിടെ അനുമതി നല്‍കിയത്.

ആദായനികുതി നിയമപ്രകാരം പാനിനുപകരം ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ മാത്രമാണ് പിഴ ബാധകമാകുക. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ തുടങ്ങല്‍, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് എന്നിവയില്‍ നിക്ഷേപിക്കല്‍ തുടങ്ങിയവക്കെല്ലാം ഇത് ബാധകമാണ്. വ്യത്യസ്ത ഇടപാടുകള്‍ക്കായി രണ്ടുതവണ തെറ്റായി ആധാര്‍ നമ്പര്‍ നല്‍കിയാല്‍ 20,000 രൂപ പിഴ അടയ്ക്കേണ്ടിവരും.