India

ലോക് ഡൌണില്‍ ഒരു നല്ല വാര്‍ത്ത; ഇന്ത്യയില്‍ വായു മലിനീകരണം വ്യാപകമായി കുറഞ്ഞതായി റിപ്പോര്‍ട്ട്

ഡല്‍ഹി പോലുള്ള ഇന്ത്യന്‍ നഗരങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വായു മലിനീകരണം. അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹയില്‍ ഒറ്റ, ഇരട്ട വാഹന നിയന്ത്രണവും ഉണ്ടായിട്ടുണ്ട്. വായുമലിനീകരണത്തെ തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞ് വിമാന സര്‍വീസ് വരെ തടസപ്പെട്ടിട്ടുണ്ട്. അങ്ങിനെ വായു മലിനീകരണം കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലായിരുന്നു രാജ്യം. എന്നാല്‍ കോവിഡിനെ തുടര്‍ന്ന പ്രഖ്യാപിച്ച ലോക് ഡൌണ്‍ മൂലം ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരത്തിലിറങ്ങുന്നവരുടെ എണ്ണവും വാഹനവും കുറഞ്ഞു. ഇതോടെ ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ 90- ലേറെ നഗരങ്ങളിലെ വായു മലിനീകരണത്തിൽ വലിയ തോതിലുള്ള കുറവ് സംഭവിച്ചിരിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ അവകാശപ്പെട്ടു.

ഡല്‍ഹിയിലെ അന്തരീക്ഷത്തിലുള്ള അതിസൂക്ഷ്മ മാലിന്യകണങ്ങളുടെ (പി.എം. 2.5) അളവ് 30 ശതമാനമായിക്കുറഞ്ഞു. ഡൽഹിക്ക് പുറമെ അഹമ്മദാബാദ്, പൂനെ എന്നീ നഗരങ്ങളിലെ വായുമലിനീകരണത്തിന്റെ തോത് 15 ശതമാനമായി കുറഞ്ഞുവെന്നും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് കണ്ടെത്തി.

”ലോക്ക് ഡൗണിന്റെ ഫലമായി മലിനീകരണത്തിന്റെ തോത് കുറഞ്ഞു. വ്യവസായശാലകള്‍ പൂട്ടുകയും നിര്‍മാണങ്ങള്‍ നിര്‍ത്തിവെക്കുകയും ഗതാഗതം കുറയുകയും ചെയ്തതോടെ വായു മലിനീകരണം ഇല്ലാതായി” എന്നും സഫറിലെ ശാസ്ത്രജ്ഞനായ ഗുര്‍ഫാന്‍ ബെയ്ഗ് പറഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സി.പി.സി.ബി.)കണക്കുകൾ പ്രകാരം നിരീക്ഷണത്തിലുള്ള നഗരങ്ങളിൽ 93 നഗരങ്ങളിലും വായുമലിനീകരണം വളരെക്കുറഞ്ഞ നിലയിലാണ്. 39 നഗരങ്ങള്‍ ‘ഗുഡ്’ എന്ന വിഭാഗത്തിലും 51 എണ്ണം ‘തൃപ്തികരം’ എന്ന വിഭാഗത്തിലുമാണ് കണക്കാക്കിയിരിക്കുന്നത്.

മാര്‍ച്ച് 25 മുതല്‍ തിയറ്ററുകള്‍, മാളുകള്‍,ഓഫീസുകള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അടച്ചിരുന്നു. പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്തിവച്ചിരുന്നു. ഇത് മൂലം വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് ഗണ്യമായി കുറഞ്ഞു. വാഹനങ്ങളുടെ വരവ് കുറഞ്ഞതോടെ അന്തരീക്ഷത്തിന് അത് ഗുണം ചെയ്തു.