India Kerala

മരട്; സുരക്ഷ നല്‍കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്ന് പരിസരവാസികള്‍

മരടില്‍ പൊളിക്കുന്ന ഫ്ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്ന് പരിസരവാസികള്‍. അതേസമയം പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സ്ട്രക്ചറല്‍ ഓഡിറ്റ് പുനരാരംഭിച്ചു. മരടിലെ ഫ്ലാറ്റുകളുടെ സമീപവാസികള്‍ക്ക് സുരക്ഷനല്‍കുന്ന കാര്യത്തില്‍ വ്യക്തമായ ഒരു ഉറപ്പും നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സമീപവാസികള്‍ ആരോപിക്കുന്നത്.

ഇന്‍ഷുറന്‍സ് പരിരക്ഷ എത്രദൂരപരിധിയിലുള്ള കെട്ടിടങ്ങള്‍ക്ക് ലഭിക്കും, ലഭ്യമാകുന്ന തുകയുടെ പരിധി എത്ര എന്നിവ വ്യക്തമാക്കാന്‍ തയാറാകുന്നില്ലെന്നും ഇവര്‍ പറയുന്നു. ജീവനും സ്വത്തിനും സുരക്ഷനല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 13ന് പ്രദേശവാസികള്‍ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ കഞ്ഞിവെച്ച് പ്രതിഷേധിക്കും. അതേസമയം പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച സ്ട്രക്ചറല്‍ ഓഡിറ്റ് പുനരാരംഭിച്ചു. സമീപത്തുള്ള കെട്ടിടങ്ങളുടെ നിലവിലുള്ള വിള്ളലുകള്‍, അടിത്തറയുടെ ബലം എന്നിവയെല്ലാം വിദഗ്ധര്‍ പഠനവിധേയമാക്കും.

ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കിയശേഷം വീണ്ടും സ്ട്രക്ചറല്‍ ഓഡിറ്റ് നടത്തി സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നകാര്യം പരിശോധനവിധേയമാക്കും. ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചതിന് ശേഷമാവും നഷ്ടപരിഹാരം കണക്കാക്കുക.