Food Health

കരുതല്‍വേണ്ട കുഞ്ഞുങ്ങളെ കരുതാം, വീട്ടില്‍ വെച്ചുതന്നെ

നീണ്ടുപോകുന്ന ഈ കൊറോണകാലത്ത് കുട്ടികളെ വീടുകളില്‍ അടക്കി നിര്‍ത്താനും പരിപാലിക്കാനും പാടുപെടുകയാണ് രക്ഷിതാക്കള്‍. പ്രത്യേക പരിഗണ വേണ്ടി വരുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ അവസ്ഥ അതിലും ബുദ്ധിമുട്ടാണ്. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാതെ, ഒന്ന് പുറത്തിറങ്ങാനാവാതെ വീര്‍പ്പുമുട്ടുകയാണ് ഓട്ടിസം പോലെ പ്രത്യേക പരിഗണന വേണ്ട അവസ്ഥകളിലുള്ള കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളും.

കുഞ്ഞുങ്ങള്‍ സ്പെഷ്യല്‍ സ്കൂളുകളില്‍ പോകുന്ന സമയം ഈ രക്ഷിതാക്കള്‍ക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു. കുഞ്ഞുങ്ങളെ സ്ഥിരമായി കൊണ്ടുപോയിരുന്ന ക്ലിനിക്കുകളും വൊക്കേഷണല്‍ ട്രെയിനിംഗ് സെന്‍ററുകളും എല്ലാം അടഞ്ഞു കിടക്കുന്നതും രക്ഷിതാക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വീടുകളിലാണെങ്കിലും അവരുടെ പതിവ് ട്രെയിനിംഗുകളും മറ്റും മുടങ്ങാതിരിക്കാനുള്ള ശ്രദ്ധയാണ് ആദ്യം മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.

കരുതല്‍വേണ്ട കുഞ്ഞുങ്ങളെ കരുതാം, വീട്ടില്‍ വെച്ചുതന്നെ

ഓട്ടിസം പോലെ പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ ഈ കൊറോണ കാലത്ത് വീടുകളില്‍ എങ്ങനെ പരിചരിക്കണമെന്ന് അറിയാം:

1. സ്പെഷ്യല്‍ സ്കൂളിലോ ക്ലിനിക്കുകളിലോ പോകാനില്ലെന്ന് കരുതി കുട്ടിയുടെ സാധാരണ ഉറക്കരീതി മാറ്റരുത്. പതിവ് സമയത്തുതന്നെ ഉറക്കുകയും കൃത്യസമയത്ത് തന്നെ ഉറക്കമെഴുന്നേല്‍പ്പിക്കുകയും ചെയ്യുക. ഒരിക്കലും ആവശ്യമുള്ളതിനേക്കാൾ കൂടുതൽ സമയം കുട്ടിയെ ഉറക്കരുത്.

2. കുട്ടികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കണം. ഒന്നുകഴിഞ്ഞാല്‍ ഒന്ന് എന്ന രീതിയിലായിരിക്കണമത്. താന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി കഴിഞ്ഞാല്‍ അടുത്തത് എന്താണ് എന്ന് കുട്ടിക്ക് മനസ്സിലാകുന്ന വിധം വേണം ലിസ്റ്റ് തയ്യാറാക്കാന്‍. മാത്രമല്ല, അക്കാര്യം കുട്ടിയെ നേരത്തെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുകയും വേണം.

3. കുട്ടി ചെയ്യേണ്ട കാര്യങ്ങളുടെ സമയപട്ടിക ഒരു വിഷ്വൽ ഫോർമാറ്റിൽ തയ്യാറാക്കുന്നതാണ് നല്ലത്.

4. ദൈനംദിന പ്രവര്‍ത്തനങ്ങളായ ടോയ്‌ലറ്റില്‍ പോകുക, പല്ലുതേക്കുക, കുളി, വസ്ത്രധാരണം, ഭക്ഷണം എന്നിവ കൃത്യമായി ചെയ്യുന്നതിനായി സമയക്രമമുണ്ടാക്കുകയും അത് കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുക.

5. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കുട്ടിക്ക് കുട്ടിയുടേതായ സ്വാതന്ത്ര്യം കൊടുക്കുക. അത് പല്ലുതേക്കുകയാണെങ്കിലും കുളിക്കുകയാണെങ്കിലും അടുത്തുനിന്ന് കുട്ടിയെ കൊണ്ട് ചെയ്യിക്കുക. അമ്മ ചെയ്തുകൊടുക്കേണ്ടത് മാത്രം ചെയ്യുക. ബാക്കിയെല്ലാം സ്വയം ചെയ്യാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

കരുതല്‍വേണ്ട കുഞ്ഞുങ്ങളെ കരുതാം, വീട്ടില്‍ വെച്ചുതന്നെ

6. സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള സ്വാതന്ത്ര്യം പൂര്‍ണമായും കുട്ടിക്ക് വിട്ടു നല്‍കും എന്ന് തോന്നിപ്പിക്കുമാറ് കുട്ടിയെ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ സ്വയംപര്യാപ്തരാക്കി മാറ്റുക.

7. ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾക്ക് മുൻ‌ഗണന നൽകുക. അവ സ്വയം ചെയ്യാന്‍ കുട്ടിയെ പ്രേരിപ്പിക്കുക.

8. നമ്മുടെ താത്പര്യങ്ങള്‍ കുട്ടിയില്‍ അടിച്ചേല്‍പ്പിക്കരുത്. കളിക്കാനുള്ള സമയവും കുട്ടിക്ക് നല്‍കണം.

9. കുട്ടിയുടെ സ്‌ക്രീൻ സമയം ഏറ്റവും കുറഞ്ഞതായി നിലനിർത്തുക.

10. വീട്ടിനുള്ളില്‍ വ്യായാമം കൂടി ലഭിക്കുന്ന തരത്തിലുള്ള കുഞ്ഞ് കുഞ്ഞ് കളികള്‍ കണ്ടെത്തി കൊടുക്കുക. ഡൈനിംഗ് കസേരകള്‍ കമിഴ്ത്തി വെച്ച് അതിനിടയിലൂടെ നൂട്ടുവരിക- അതിന് പട്ടാളം നൂട്ടുവരികയാണ് എന്ന് പറയാം.. പായ ചുരുട്ടി ചാടിക്കളിക്കാം. പടികള്‍ കയറിയിറങ്ങാം. വീടിനുള്ളില്‍തന്നെ ക്രിക്കറ്റ് കളിക്കാം, പന്ത് കളിക്കാം.

കരുതല്‍വേണ്ട കുഞ്ഞുങ്ങളെ കരുതാം, വീട്ടില്‍ വെച്ചുതന്നെ

11. ടേൺ ടേക്കിംഗ് പോലുള്ള കളികള്‍ കണ്ടെത്തി നല്‍കുക. ലുഡോ, പാമ്പും കോണിയും എന്നിവ ഫോണിലോ ഐ പാഡുകളിലേ കളിക്കുന്നതിന് പകരം അതിന്‍റെ ഒറിജിനല്‍ ബോര്‍ഡുകള്‍ നല്‍കി കളിക്കാന്‍ പ്രേരിപ്പിക്കുക. മാത്രമല്ല, കൈ വെച്ച് കളിക്കുന്നതിനാല്‍ കൈയുടെ ചലനം മെച്ചപ്പെടുത്തുകയും ചെയ്യും.

12. കുട്ടിയുടെ താൽപര്യം കണക്കിലെടുത്ത് കളികളായാലും ജോലിയായാലും തിരഞ്ഞെടുക്കുക.

13. കുട്ടിയെ വീട്ടുജോലികളിൽ കൂടി പങ്കാളിയാക്കുക. അലക്കിയ വസ്ത്രങ്ങൾ മടക്കുക, കഴുകിയ പാത്രങ്ങൾ തുണി ഉപയോഗിച്ച് തുടച്ചുവെക്കുക, കിടക്കവിരി വിരിക്കുക എന്നീ ജോലികളൊക്കെ കുട്ടിയെക്കൊണ്ട് ചെയ്യിക്കാം.

14. കുട്ടിയുടെ വികാരങ്ങളെ ബഹുമാനിക്കുക.

15. കുട്ടിയുടെ പെരുമാറ്റം ശ്രദ്ധിച്ച് കുട്ടിയെ അസ്വസ്ഥമാക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് കണ്ടെത്തണം. എന്തെങ്കിലും സാധനങ്ങള്‍, ചില വ്യക്തികള്‍, ചില സംഭവങ്ങള്‍, ചില പ്രത്യേക സമയങ്ങള്‍.. അവയെല്ലാം എന്താണെന്ന് കണ്ടെത്തി അത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രദ്ധ ചെലുത്തുക.

കരുതല്‍വേണ്ട കുഞ്ഞുങ്ങളെ കരുതാം, വീട്ടില്‍ വെച്ചുതന്നെ

16. ആളുകളെ തിരിച്ചറിയാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. സാമൂഹികമായി ഇടപെടാനുള്ള കുട്ടിയുടെ കഴിവുകളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രദ്ധിക്കുക

17. പോട്ട് പെയിന്‍റിംഗ്, ജന്മദിന കാർഡ് ഉണ്ടാക്കുക തുടങ്ങിയ കരകകൌശല ജോലികള്‍ കുട്ടിയെ പരിശീലിപ്പിക്കുക.

18. രക്ഷിതാക്കള്‍ സ്വയം സമ്മർദ്ദമില്ലാതെ തുടരുക.

സ്വന്തം സന്തോഷത്തിനും സമാധാനത്തിനും പ്രധാന്യം കൊടുക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. എങ്കിലേ കുഞ്ഞുങ്ങളെ നല്ലരീതിയില്‍ ശ്രദ്ധിക്കാനും പരിപാലിക്കാനും സാധിക്കുകയുള്ളൂ. കുഞ്ഞിന്‍റെ സഹായത്തോടെ ഒരു കുഞ്ഞ് പൂന്തോട്ടമുണ്ടാക്കുകയും കുഞ്ഞിനെ പ്രകൃതിയെ അറിഞ്ഞ് വളരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക.. നല്ല കഥകള്‍ പറഞ്ഞുകൊടുക്കുക.. ആത്മവിശ്വാസം കൈവിടാതെയിരിക്കുക.