Gulf

പുതുവത്സരാഘോഷങ്ങൾക്കൊരുങ്ങി യുഎഇ

പുതുവത്സരാഘോഷങ്ങൾക്കൊരുങ്ങി യുഎഇ. പൊതുജനങ്ങൾക്ക് സു​ഗമമായി ആഘോഷപരിപാടികളിൽ പങ്കെടുക്കാനായി ​ഗതാ​ഗതനിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ ദുബായ് ആർടിഎയും അബു​ദാബി പൊലീസും പുറത്തിറക്കി. ദുബായ് മെട്രൊ 43 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും .

പുതുവത്സരാഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ സർവസജ്ജമായിരിക്കുകയാണ് രാജ്യം. ട്രാം ദുബായ് മെട്രൊ തുടങ്ങിയ പൊതു ​ഗതാ​ഗത സംവിധാനങ്ങൾ അധിക സമയം സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മെട്രൊയുടെ ഗ്രീൻ ലൈനിൽ ശനിയാഴ്ച രാവിലെ 5മുതൽ തുടങ്ങുന്ന സർവീസ്​ ജനുവരി രണ്ടിന്​ അർധരാത്രിവരെ തുടരും. ശനിയാഴ്ച രാവിലെ 6 മുതൽ തിങ്കളാഴ്ച പുലർച്ചെ 1 വരെ ദുബൈ ട്രാമും സർവീസ് നടത്തും.

ആഘോഷ സ്ഥലങ്ങളിലേക്ക്​ എല്ലാ സന്ദർശകരുടേയും സുഗമമായ യാത്ര ഉറപ്പാക്കാൻ സാധ്യമായ നടപടികളെല്ലാം കൈക്കൊണ്ടതായി​ അധികൃതർ പറഞ്ഞു. പുതുവത്സരാഘോഷങ്ങളിൽ സുരക്ഷ കണക്കിലെടുത്ത് 10000ത്തോളം ക്യാമറകളും ന​ഗരത്തിന്റെ വിവിധയിടങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. അബൂദബിയിൽ ചില പ്രധാന റോഡുകളിൽ ട്രക്കുകളും ചരക്കുവാഹനങ്ങളടക്കമുള്ള വലിയ വാഹനങ്ങൾക്കും വിലക്കേർപ്പെടുത്തി. ഡിസംബർ 31 ശനിയാഴ്ച രാവിലെ 7 മുതൽ ജനുവരി 1 ഞായറാഴ്ച രാവിലെ 7 വരെയാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നത്.

തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്കുകൾ, ഹെവി വാഹനങ്ങൾ, വലിയ ബസുകൾ എന്നിവയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം, മുസഫ പാലം, സെക്ഷൻ ബ്രിഡ്ജ് എന്നിവയെല്ലാം വിലക്കിന്റെ പരിധിയിൽ ഉൾപ്പെടും.