Gulf

ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; യുഎഇയിലെ മഴ മുന്നറിയിപ്പുകള്‍ ഇങ്ങനെ

യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അബുദാബിയില്‍ 18 ഡിഗ്രി സെല്‍ഷ്യസിലും ദുബായില്‍ 20 ഡിഗ്രി സെല്‍ഷ്യസിലും താപനില കുറയും. വിവിധയിടങ്ങളില്‍ 27 ഡിഗ്രി സെല്‍ഷ്യസും 28 ഡിഗ്രി സെല്‍ഷ്യസും താപനില ഉയരാനും സാധ്യതയുണ്ട്

കുവൈറ്റില്‍ കാലാവസ്ഥ തെളിഞ്ഞുവരികയാണ്. രാജ്യത്ത് വെള്ളിയാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ മഴ നീണ്ടുനില്‍ക്കും. നേരിയ തോതില്‍ മഴയും ഇടിമിന്നലിനും സാധ്യതയുണ്ട്. കുവൈറ്റില്‍ ഈ വര്‍ഷത്തെ ഏറ്റവും ദദൈര്‍ഘ്യമേറിയ രാത്രി വ്യാഴാഴ്ചയായിരിക്കും. യുഎഇയില്‍ വിവിധ സ്ഥലങ്ങളില്‍ നേരിയതോ മിതമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

യുഎഇയില്‍ ഈ മാസം 22ഓടെ ശീതകാലത്തിന് തുടക്കമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഡിസംബര്‍ 22 മുതല്‍ മാര്‍ച്ച് 20 വരെ അതിശൈത്യം തുടരുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്തു. അറബ് ഫെഡറേഷന്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സസിലെ അംഗവും എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഇബ്രാഹിം അല്‍ ജര്‍വാന്‍ ആണ് അറിയിപ്പ് നല്‍കിയത്. യുഎഇയില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 21, 22 തീയതികളിലായിരിക്കും ശൈത്യകാലത്തിന് തുടക്കം.