Gulf

കുവൈത്തിൽ ഒരു ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമാകും

60 വയസ്സ് പൂർത്തിയായവരുടെ തൊഴിൽ പെർമിറ്റ് പുതുക്കാൻ മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ നിബന്ധന പ്രാബല്യത്തിൽ വരുന്നതോടെയാണ് ഇത്രയും പേർക്ക് തൊഴിൽ നഷ്ടമാകുക

കുവൈത്തിൽ അടുത്ത ജനുവരിയോടെ ഒരു ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. 60 വയസ്സ് പൂർത്തിയായവരുടെ തൊഴിൽ പെർമിറ്റ് പുതുക്കാൻ മാൻപവർ അതോറിറ്റി ഏർപ്പെടുത്തിയ നിബന്ധന പ്രാബല്യത്തിൽ വരുന്നതോടെയാണ് ഇത്രയും പേർക്ക് തൊഴിൽ നഷ്ടമാകുക. സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുറത്തു വിട്ട കണക്കനുസരിച്ചു രാജ്യത്തു താമസിക്കുന്ന അറുപതു വയസ്സ് പൂർത്തിയായ വിദേശികളിൽ 97,612 പേർ പന്ത്രണ്ടാം ക്ലാസ്സോ അതിൽ താഴെയോ മാത്രം യോഗ്യതയുള്ളവരാണ്.

ഇത്തരക്കാർക്കു 2021 ജനുവരി ഒന്ന് മുതൽ തൊഴിൽ പെർമിറ്റ് പുതുക്കി നൽകേണ്ടെന്നാണ് മാൻപവർ അതോറിറ്റിയുടെ തീരുമാനം. വർക്ക് പെർമിറ്റ് ലഭിക്കാതെ താമസാനുമതി പുതുക്കാൻ കഴിയില്ല. ഫലത്തിൽ ഇത്രയും പേർക്കു അടുത്തവർഷം പ്രവാസം മതിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടി വരും. 60 വയസ്സിനു മുകളിൽ പ്രായമുള്ള അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള നിരവധി മലയാളികൾ കുവൈത്തിലുണ്ട്.

റെസ്റ്റോറന്റ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് ഇവരിൽ അധികപേരും തൊഴിലെടുക്കുന്നത്. ഇഖാമ കാലാവധി അവസാനിക്കാറായ പലരും ഇനി പുതുക്കി ലഭിക്കുമോ എന്ന ആശങ്കയിലാണ് കഴിയുന്നത്. ജനസംഖ്യാ ക്രമീകരണ നടപടികളുടെ ചുവടുപിടിച്ചാണ് മാൻ പവർ അതോറിറ്റി 60 കഴിഞ്ഞവരുടെ തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് ബിരുദം നിർബന്ധമാക്കിയത്