Entertainment Movies

10 മാസത്തിന് ശേഷം ഇന്ന് തിയറ്റര്‍ തുറക്കും; രക്ഷകനാകുമോ മാസ്റ്റര്‍?

10 മാസത്തെ ഇടവേളക്ക് ശേഷം മാസ്റ്റര്‍ റിലീസോടെ ഇന്ന് തിയറ്ററുകള്‍ തുറക്കുകയാണ്. വിജയ് ആരാധകര്‍ മാത്രമല്ല സിനിമാ മേഖല ഒന്നടങ്കം പ്രതീക്ഷയോടെയാണ് മാസ്റ്റര്‍ റിലീസിനായി കാത്തിരിക്കുന്നത്. കേരളത്തില്‍ 150 കേന്ദ്രങ്ങളിലാണ് റിലീസ്.

കോവിഡ് കാരണം 2020 മാര്‍ച്ചോടെ ഇരുട്ടു വീണ വെള്ളിത്തിരയിലേക്ക് വെളിച്ചമായാണ് മാസ്റ്ററെത്തുന്നത്. പതിവ് വിജയ് ചിത്രങ്ങളുടെ ചേരുവ പോലെ രക്ഷകനായി പൊങ്കല്‍ ദിനത്തില്‍ തന്നെ മാസ്റ്ററെത്തുന്നു.

വിജയിക്കൊപ്പം വിജയ് സേതുപതി കൂടി അണിനിരക്കുന്നുവെന്നതാണ് ഈ ലോകേഷ് കനകരാജ് ചിത്രത്തിന്‍റെ പ്രത്യേകത. മലയാളിയായ മാളവിക മോഹനാണ് നായിക. ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കേരളം, തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാവിലെ 9 മണി മുതല്‍ പ്രദര്‍ശനം തുടങ്ങും.

കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം 50 ശതമാനം പേര്‍ക്കേ തിയറ്ററുകളിലേക്ക് പ്രവേശനമുള്ളൂ. പല റിലീസ് കേന്ദ്രങ്ങളിലെയും ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റു പോയിട്ടുണ്ട്.

റിലീസ് ദിനത്തിന് ശേഷം എത്രമാത്രം ജനങ്ങള്‍ തിയറ്ററിലെത്തുമെന്നുള്ള കാര്യം അറിഞ്ഞ ശേഷമായിരിക്കും മറ്റ് ചിത്രങ്ങളുടെ റിലീസ് കൂടി നിശ്ചയിക്കുക. അതുകൊണ്ട് വിജയ് ആരാധകര്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമാ വാണിജ്യ മേഖല ഒന്നടങ്കം മാസ്റ്റര്‍ റിലീസിനെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഹിന്ദി ഭാഷയിലുള്ള റിലീസ് നാളെയാണ്.