Entertainment Movies

പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യാപകരെ നിയമിച്ച് വിജയ് ഫാന്‍സ്

അധ്യാപക സമരംമൂലം പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംവിധാനം ഒരുക്കി മാതൃകയായിരിക്കുകയാണ് വിജയ് ഫാന്‍സ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും അനിശ്ചിതകാല പണിമുടക്ക് പ്രതികൂലമായി ബാധിച്ച വിദ്യാഭ്യാസ മേഖലയ്ക്ക് ആശ്വാസം പകരുകയാണ് വിജയ് ഫാന്‍സ്. അധ്യാപകരുടെ പണിമുടക്ക് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന സാധാരണക്കാരായ കുട്ടികളെയാണ്.

തൊണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന തിരുപ്പൂരിലെ സര്‍ക്കാര്‍ സ്‌കൂളിലും അധ്യാപക സമരം കാരണം ക്ലാസുകള്‍ മുടങ്ങി. ഇത് പരിഹരിക്കാനായി രണ്ട് അധ്യാപകരെ നിയമച്ചിരിക്കുകയാണ് വിജയ് ആരാധകര്‍. പിരിവെടുത്ത് ഇവര്‍ക്ക് ശമ്പളം നല്‍കാനും ഫാന്‍സ് അയോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. വിജയ് ഫാന്‍സിന്റെ ഈ നീക്കത്തിന് രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്നതിലും വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യേണ്ടിവരുന്നതിനും എതിരെ വിജയ് മുന്‍പ് പ്രതികരണവുമായി എത്തിയിരുന്നു. പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും നീറ്റ് പരീക്ഷയിലൂടെ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത അനിതയുടെ വീട്ടില്‍ വിജയ് എത്തിയതും വാര്‍ത്തയായിരുന്നു.