വെയിലിന് ശേഷം ഷെയിന്‍ നിഗത്തിനെതിരെ വീണ്ടും പരാതി. ഉല്ലാസം സിനിമയുടെ നിര്‍മാതാവാണ് പരാതിയുമായി പ്രൊഡ്രൂസേഴ്സ് അസോസിയേഷനെ സമീപിച്ചത്. ഉല്ലാസം സിനിമയുടെ കരാര്‍ ഒപ്പിടുന്ന സമയത്ത് 30 ലക്ഷമാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് ഇത് 45 ലക്ഷം രൂപയായി ഷെയിന്‍ നിഗം കൂട്ടി ചോദിച്ചതായും നിര്‍മാതാവ് പരാതിയില്‍ പറയുന്നു. ഉല്ലാസം സിനിമയുടെ പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാഫി ചെമ്മാടിനോട് കരാര്‍ തുകയിലും കൂടുതല്‍ ചോദിക്കുന്ന ശബ്ദരേഖയും അതെ സമയം പുറത്തു വന്നിട്ടുണ്ട്. സിനിമ പുറത്തിറങ്ങുന്ന സമയത്തെ തന്റെ സ്റ്റാര്‍ വാല്യു പണ്ടുള്ളതിനേക്കാള്‍ വലുതാണെന്നും ഇനി മുതല്‍ 45 ലക്ഷമാണ് ചോദിക്കുന്നതെന്നും രണ്ട് സിനിമ കഴിഞ്ഞാല്‍ 75 ലക്ഷമായിരിക്കുമെന്നും അതിന് ശേഷം ഒരു കോടിയാണ് പ്രതിഫലം ചോദിക്കുകയെന്നും ശബ്ദ രേഖക്കകത്തുണ്ട്.
ഷെയിന്‍ നിഗം കരാര്‍ തുകയിലും കൂടുതല്‍ ചോദിക്കുന്നത് വഴി സിനിമയുടെ ഡബ്ബിംഗ് അടക്കമുള്ള ജോലികള്‍ മുടങ്ങിയിരിക്കുകയാണെന്ന് ഉല്ലാസം സിനിമയുടെ പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാഫി ചെമ്മാട് മീഡിയവണ്‍ വെബിനോട് പറഞ്ഞു. ഉല്ലാസം സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഷെയിനിനെതിരെ ഉയര്‍ന്ന മൂന്നാമത്തെ പരാതിയാണ് ഇപ്പോള്‍ പുറത്തുവന്ന കരാര്‍ ലംഘനത്തെ തുടര്‍ന്നുള്ള പരാതി. ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നീ സഹോദര നിര്‍മാതാക്കളാണ് ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട പരാതി പ്രൊഡ്രൂസേഴ്സ് അസോസിയേഷനില്‍ നല്‍കിയത്. റൊമാന്റിക് കോമഡി ട്രാവല്‍ ചിത്രമായ ഉല്ലാസം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജീവൻ ജോജോയാണ്.