Entertainment

നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്

നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്. നടന്റെ ഭാഗത്തു നിന്നുള്ള ആവർത്തിച്ചുള്ള നിസ്സഹകരണമാണ് വിലക്കിന് കാരണമെന്ന് നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ന് വരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്, പണം മുടക്കുന്നവരെ കളിയാക്കുന്ന രീതിയിലാണ് പ്രതികരണമെന്നും ഇത് അസോസിയേഷന് അംഗീകരിക്കാനാവില്ലായെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഷെയിന്‍ നിലവില്‍ ഭാഗമായി ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള വെയില്‍, ഖുർബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കുമെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഷെയിന്‍ കാരണം സിനിമകള്‍ക്കുണ്ടായ ഏഴ് കോടി നഷ്ടം തീര്‍ത്താല്‍ മാത്രമേ തുടര്‍ന്ന് സിനിമകളില്‍ അഭിനയിപ്പിക്കുകയുള്ളുവെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു.

‘ഷൂട്ടിങ്ങ് സൈറ്റിൽ ലഹരി മരുന്നുകളുടെ പരിശോധന ഉണ്ടാവണം. പലരും കാരവനുകളിൽ നിന്ന് പോലും പുറത്തിറങ്ങുന്നില്ല. സ്വബോധത്തോടെയുള്ള ആളുകൾ പെരുമാറുന്നത് പോലെയല്ല ഷെയ്ൻ പെരുമാറുന്നത്’; നിര്‍മാതാക്കളുടെ സംഘടന പറഞ്ഞു. യുവതലമുറ നടൻമാരിൽ ലഹരി ഉപയോഗം കൂടുതലാണെന്നും നിർമാതാക്കൾ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഷെയിന്‍ നിഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.