Entertainment

ചിന്മയിയെ ഭീഷണിപ്പെടുത്തിയ നിർമ്മാതാവിനെ വിമർശിച്ച് പാ രഞ്ജിത്

ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണമുയർത്തിയ ഗായിക ചിന്മയിയെ ഭീഷണിപ്പെടുത്തിയ നിർമ്മാതാവ് കെ. രാജനെ അതേ വേദിയിൽ വെച്ചു തന്നെ വിമർശിച്ച് സംവിധായകൻ പാ രഞ്ജിത്. നിന്നെ തകർത്തു കളയാൻ കഴിവുള്ള ആളുകൾ എന്നോടുണ്ട് എന്നായിരുന്നു ചിന്മയിക്കെതിരെ രാജന്റെ പരാമർശം, ഇതൊക്കെ ജനശ്രദ്ധ നേടാനുള്ള ശ്രമമാണെന്നും ആരോപിച്ചിരുന്നു. തുടർന്നാണ് പാ രഞ്ജിത് രാജനെതിരെ രംഗത്ത് വന്നത്.

പാ രഞ്ജിത് രാജന്റെ ഈ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ചു. സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കാലങ്ങളായി നടക്കാറുണ്ടെന്നും ആ വസ്തുത മനസ്സിലാക്കാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും ഒരാൾ ഒരു ആരോപണമുയർത്തുമ്പോൾ അത് വെറുമൊരു ആരോപണമെന്ന് എഴുതിത്തള്ളുന്നതിനു പകരം അന്വേഷിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

“മീ ടൂ മുന്നേറ്റം വളരെ സുപ്രധാനമായ ഒന്നാണെന്നാണ് എന്‍റെ അഭിപ്രായം. അത് തനിക്കെതിരെ എവിടെ വെച്ചെങ്കിലും സംഭവിച്ചിട്ടുള്ള അതിക്രമത്തെപ്പറ്റി തുറന്നു പറയാനുള്ള അവകാശമാണ്.” എന്നും അദ്ദേഹം പറഞ്ഞു.