Entertainment

വിട്ടുവീഴ്ചയ്ക്ക് തയാർ; മരക്കാറിന് 10 കോടി രൂപ വരെ അഡ്വാൻസ് നൽകാമെന്ന് ഫിയോക്

സിനിമ തീയറ്ററിൽ തന്നെ റിലീസ് ചെയ്യുന്നതിന് പരമാവധി വിട്ടുവീഴ്ചകൾ ചെയ്യാൻ എല്ലാ വിഭാഗവും തയാറാണെന്ന് ഫിയോക്. മരക്കാറിന്റെ തീയറ്റർ റിലീസ് സംബന്ധിച്ച് ഫിലിം ചേമ്പർ പ്രസിഡന്റ് ചർച്ചയ്ക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. ( marakkar the lion of sea theater release )

കൂടുതൽ ദിവസങ്ങൾ ചിത്രം പ്രദർശിപ്പിക്കും. മരക്കാർ കേരളത്തിന്റെ സിനിമയാണെന്നും അതുകൊണ്ട് തന്നെ കൂടുതൽ തുക അഡ്വാൻസ് നൽകാൻ തയാറാണെന്നും ഫിയോക് പറഞ്ഞു. 10 കോടി വരെ നൽകാം എന്നാണ് ഫിയോക്കിന്റെ നിലപാട്. എന്നാൽ ഒടിടി പ്ലാറ്റ് ഫോമിൽ നിന്നും മികച്ച ഓഫർ വന്നിട്ടുണ്ടെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു. മരക്കാർ തീയറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ മിനിമം ഗ്യാരാന്റി തുക നൽകണമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. പക്ഷേ അത്രയും തുക നൽകാൻ സാധിക്കില്ലെന്നും എന്നാൽ സിനിമ തീയറ്റർ റിലീസ് ചെയ്യതാൽ ഒടിടിയെക്കാൾ കൂടുതൽ തുക ലഭിക്കുമെന്നും തീയറ്റർ ഉടമകൾ അഭിപ്രായപ്പെട്ടു.

സിനിമ തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും തീയറ്റർ ഉടമകൾ പറഞ്ഞു.

മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഓടിടി റിലീസിനൊരുങ്ങുന്നുവെന്ന റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. റിലീസുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈമുമായി അണിയറ പ്രവർത്തകർ ചർച്ചനടത്തി വരികയാണ്. ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞു. മരയ്ക്കാറിന് മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ സർക്കാർ നിർദ്ദേശം അനുസരിച്ച് 50 ശതമാനം ആളുകളെ മാത്രമാണ് തീയറ്ററുകളിൽ പ്രവേശിപ്പിക്കാൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.