Entertainment

പേരന്‍പില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയില്ലെന്ന് നിര്‍മാതാവ്

പേരന്‍പ് സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് പി.എല്‍ തേനപ്പന്‍. ഒരു തമിഴ് ചാനലിലെ ടോക്ക് ഷോയിലാണ് മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍. ഈ സിനിമയില്‍ അഭിനയിക്കാന്‍ ഇതുവരെ ഒരു രൂപപോലും പ്രതിഫലം മമ്മുട്ടി വാങ്ങിയിട്ടില്ലെന്നാണ് നിര്‍മ്മാതാവ് പി.എല്‍ തേനപ്പന്‍ പറഞ്ഞത്.

നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍ അത്ഭുതത്തോടെ കേട്ട അവതാരക മമ്മൂട്ടിയോട് കാശ് വാങ്ങാത്തിന് പിന്നിലുള്ള വിശ്വാസം എന്താണ് സാര്‍ ചോദിച്ചു. അതിന് മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെ; എല്ലാ പടവും കാശിന് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോ ( എല്ലാ പടവും കാശ് ക്കാകെ പണ്ണമുടിയാതില്ലേ). മമ്മൂട്ടിയുടെ മറുപടി പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങളില്‍ ഏറ്റവും ഗംഭീര അഭിപ്രായം സ്വന്തമാക്കിയ ചിത്രമായ പേരന്‍പ് റോട്ടര്‍ഡാം ചലച്ചിത്രമേളയിലായിരുന്നു ആദ്യം ശ്രദ്ധിക്കപ്പെട്ടത്. മേളയിലെ അന്തര്‍ദേശീയ പ്രീമിയരായിരുന്നു പേരന്‍പ്. പിന്നീട് ഷാങ്ഹായ് ചലച്ചിത്രമേളയിലും ഗോവ ചലച്ചിത്രോത്സവത്തിലും ചിത്രം പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ നടന്ന ഗോവയിലെ ഇനോക്സിലെ രണ്ട് പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍ ആയിരുന്നു.

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറാണ്. മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്. കട്രത് തമിഴും തങ്കമീന്‍കളും തരമണിയും ഒരുക്കിയ റാമിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഇറങ്ങാനിരിക്കുന്ന പേരന്‍പ്.