Entertainment

ലൂസിഫറിന് ചെക്ക് വിളിച്ച് രാജയുടെ കുട്ടിപ്പട

ലൂസിഫറിന്റെ പുതിയ പോസ്റ്ററിന് ചെക്ക് വിളിച്ച് രാജയുടെ ‘മധുര’ പ്രതികാരം. ഇരുപത് ദിവസത്തോളം നീണ്ട് നില്‍ക്കുന്ന ലൂസിഫറിന്റെ കാരക്ടര്‍ പോസ്റ്ററുകള്‍ ഇന്നലെ മുതലാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ആദ്യം പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ അമ്പരിപ്പിക്കുന്ന കാരക്ടര്‍ പോസ്റ്ററിന് ശേഷം ഇന്ന് പുതിയ മാസ്സ് പോസ്റ്റര്‍ കൂടി ഇറക്കി ലൂസിഫര്‍ ടീം ഞെട്ടിച്ചിരുന്നു. വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ചുള്ള മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിക്ക് പിന്നില്‍ അണിനിരക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് തന്നെ താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇതിനെ വെല്ലുന്ന ട്രോളുന്ന രൂപത്തിലാണ് പുതിയ പോസ്റ്റര്‍ മധുരരാജയുടെ പിന്നണി പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. രാജക്ക് പിന്നില്‍ അണിയണിയായി നില്‍ക്കുന്ന കുട്ടികള്‍ രാജയുടെ കുട്ടിക്കൂട്ടം എന്ന തലക്കെട്ടിലാണ് സംവിധായകന്‍ വൈശാഖ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ പോസ്റ്ററിന് താഴെ രണ്ട് താരത്തിന്റെയും ആരാധകര്‍ പിന്തുണയുമായും വെല്ലുവിളിച്ചും രംഗത്തുണ്ട്.

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തുന്ന ലൂസിഫറിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിർമിക്കുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയേറ്ററുകളിലെത്തുന്നത്.

എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയായ മധുരരാജ, പോക്കിരിരാജ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. വൈശാഖ്, ഉദയ് കൃഷ്ണ, പീറ്റർ ഹെയ്ൻ എന്നിവർ വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുലിമുരുകന് വേണ്ടിയാണ് മൂവരും ഇതിന് മുമ്പ് ഒന്നിച്ചത്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന മധുരരാജയുടെ വിതരണം യുകെ സ്റ്റുഡിയോസ് ആണ്. വരുന്ന വിഷുവിനാണ് മധുരരാജ തിയേറ്ററുകളിലേക്കെത്തുക.