Entertainment

ആലിയ ഭട്ട് നായികയായ ചിത്രം ‘ഗംഗുഭായ്’ മുന്നേറുന്നു, ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

ആലിയ ഭട്ട് നായികയായി ഏറ്റവും ഒടുവില്‍ എത്തിയതാണ് ‘ഗംഗുഭായ് കത്തിയാവാഡി’. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം മുതലേ ചിത്രം വലിയ വാര്‍ത്തയായിരുന്നു.  മോശമല്ലാത്ത പ്രകടനമാണ് ചിത്രം തിയറ്ററുകളില്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട് (Gangubai box office).

ആലിയ ഭട്ട് നായികയായ ചിത്രം അമ്പത് കോടി ക്ലബില്‍ എത്തിയിട്ടുണ്ട്. 50 ശതമാനം മാത്രമാണ് തിയറ്ററുകളില്‍ അനുവദിച്ചെങ്കിലും മഹാരാഷ്‍ട്രയില്‍ 10.01 കോടി രൂപ കഴിഞ്ഞ ദിവസം സ്വന്തമാക്കി. റിലീസായി അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം മൊത്തം നേടിയത് 57.32 കോടി രൂപയാണ്. ആലിയ ഭട്ടിന്റെ പ്രകടനമാണ് ചിത്രത്തിന്റ ഏറ്റവും വലിയ ആകര്‍ഷണമെന്നായിരുന്നു ‘ഗംഗുഭായ് കത്തിയാവാഡി’ കണ്ടവരുടെ അഭിപ്രായങ്ങള്‍.

സഞ്‍ജയ് ലീല ബന്‍സാലിയും ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബന്‍സാലി പ്രൊഡക്ഷന്‍സ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നതും. കാമാത്തിപുര പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രം ആയിട്ടാണ് ആലിയ ഭട്ട് എത്തുന്നത്.

ഹുസൈന്‍ സെയ്‍ദിയുടെ ‘മാഫിയ  ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്‍തകത്തിലെ ‘ഗംഗുഭായ് കൊത്തേവാലി’ എന്ന സ്‍ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചെങ്കിലും ഷൂട്ടിംഗ് കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയതിനാലാണ് പൂര്‍ത്തിയാകാൻ വൈകിയത്.