Entertainment

കൊച്ചിയില്‍ ഫലസ്തീന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

ഫലസ്തീന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ കൊച്ചിയില്‍ സംഘടിപ്പിച്ചു. ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളും വിമോനചന സമരങ്ങളും പ്രമേയമാക്കി നിര്‍മിച്ച ശ്രദ്ധേയമായ രണ്ട് സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയിലെ വിവിധ സാംസ്കാരിക വേദികളിൽ പ്രദർശിപ്പിച്ച ശേഷമാണ് കൊച്ചിയിൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പതിറ്റാണ്ടുകളായി ചെറുത്തുനില്‍ക്കുന്ന ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളും വിമോചന സമരങ്ങളും ഉൾപ്പെടെ ദൈനംദിന ജീവിത യഥാർത്യങ്ങൾ പ്രമേയമാവുന്ന സിനിമകള്‍ ഏറെ ശ്രദ്ധേയമായി.

ഓസ്കാർ അക്കാദമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട വെസ്റ്റ് ബാങ്കിൽ നിന്നുള്ള അഹ്മദ് ബുറന്ത്‌ 12 വർഷം കൊണ്ട്‌ ചിത്രീകരണം പൂർത്തിയാക്കിയ ‘ഫെെവ് ബ്രോക്കന്‍ ക്യാമറ’, ബ്രിട്ടനിൽ താമസിക്കുന്ന പലസ്തീൻ യുവ സംവിധായകൻ അനസ് കർമിയുടെ ‘100 Balfour Roads’ എന്നീ സിനിമകളാണ് ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിച്ചത്.

‘ഫെെവ് ബ്രോക്കന്‍ ക്യാമറ’ എന്ന പേരിനെ അന്വർഥമാക്കുന്ന തരത്തില്‍ ഫലസ്തീൻ ജീവിതം പകർത്തുന്നതിനിടെ 5 തവണയാണ് സംവിധായകന്റെ കാമറ ഇസ്രയേൽ സേന തകർത്തത്. ഇത് മറികടന്നാണ് ഹൃദയസ്പർശിയായ ഫലസ്തീൻ ജീവിതം ഇദ്ദേഹം വെള്ളിത്തിരയിൽ എത്തിച്ചത്.

ബ്രോക്കന്‍ ക്യാമറയുടെ സംവിധായകന് പുതിയ കാമറ വാങ്ങാൻ സ്വരൂപിച്ച ഫണ്ടിലേക്ക് ബാക്കി വരുന്ന 51 ശതമാനം തുക നൽകുെമന്ന് ഫെസ്റ്റിവൽ സംഘാകരായ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ചടങ്ങിൽ പ്രഖ്യാപിച്ചു. പരിപാടിയില്‍ മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി ദാവൂദ്‌ വി.എ കബീർ തുടങ്ങിയവർ പങ്കെടുത്തു.