Economy

കേന്ദ്രം വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കർഷക സംഘടനകൾ

കർഷക സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്രം വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കർഷക സംഘടനകൾ. സമരം ചെയ്യുന്ന 500 കര്‍ഷക സംഘടനകളിൽ 30 സംഘടനകളെ മാത്രമാണ് സർക്കാർ ചർച്ചക്ക് വിളിച്ചത്. ഇതിൽ കർഷക സംഘടനകൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിഷയം ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിമാർ ഡൽഹിയിൽ യോഗം ചേരുകയാണ്.

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായി സമരം ചെയ്യുന്ന കർഷകരുമായി ഇന്ന് മൂന്ന് മണിക്ക് ചർച്ച നടത്താമെന്നായിരുന്നു കേന്ദ്രം അറിയിച്ചത്. ഡൽഹി വിഗ്യാൻ ഭവനിലേക്കാണ് കർഷകരെ സർക്കാർ ചർച്ചക്ക് വിളിച്ചത്. അതിനിടെ ഹരിയാന മന്ത്രി അനിൽ വിജിനെ അംബാലയിൽ കർഷകർ കരിങ്കൊടി കാണിച്ചു. ചർച്ചക്ക് വിളിക്കുന്നതിനിടയിലും പ്രധാനമന്ത്രി തന്നെ നിയമം പിൻവലിക്കില്ലെന്ന് ഉറച്ചു നിൽക്കുന്നതിൽ കർഷക സംഘടനകൾക്ക് അതൃപ്തിയുണ്ട്.

സമരം വേഗം തീർപ്പാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ റോഡുകൾ ഉപരോധിക്കുമെന്നാണ് കർഷക നേതാക്കൾ മുന്നറിയിപ്പ് നൽകി. രണ്ട് ദിവസത്തിനകം സർക്കാർ ഒത്തു തീർപ്പിന് തയ്യാറായില്ലെങ്കിൽ ഡൽഹിയിലേക്ക് ചരക്ക് വാഹനങ്ങൾ,ടാക്സികൾ ഉൾപ്പെടെ ഒരു വാഹനവും കടത്തിവിടില്ല. കർഷക സമരം തുടരുന്നത് ഡൽഹിയിലേക്കുള്ള ചരക്ക് നീക്കം പൂർണമായും തടസപ്പെടുമെന്ന ആശങ്ക കേന്ദ്ര സർക്കാരിനുണ്ട്.