Economy India

റിപ്പോ നിരക്ക് കുറച്ചു; വായ്പാ മൊറട്ടോറിയം മൂന്ന് മാസത്തേക്ക് നീട്ടി

റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവ് വരുത്തി.

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. വായ്പകള്‍ക്കുള്ള മൊറട്ടോറിയം മൂന്ന് മാസത്തേക്ക് നീട്ടി. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കുറച്ചു. ജിഡിപിയിലെ ഇടിവ് തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. റിപ്പോ നിരക്ക് 4.4 ശതമാനത്തിൽ നിന്ന് 4 ആയാണ് കുറച്ചത്. റിവേഴ്സ് റിപ്പോ 3.75ൽ നിന്ന് 3.5 ശതമാനമായും കുറച്ചു. ബാങ്ക് ലോണുകളുടെ ഇഎംഐയിൽ കുറവുണ്ടാകും. ആഗസ്ത് മാസം 31 വരെ ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നീട്ടിയെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

വ്യവസായ, ഉത്പാദന മേഖലകളടക്കം സാമ്പത്തിക രംഗത്ത് വലിയ വളർച്ച മുരടിപ്പ് ആണ്. കയറ്റുമതിയിൽ 16% കുറവുണ്ടായി. ഈ സാമ്പത്തിക വർഷം ജിഡിപി വളർച്ച നെഗറ്റീവ് ആയേക്കും. എക്സിം ബാങ്കിന് 15000 കോടി രൂപ അനുവദിച്ചെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

മൊറട്ടോറിയം നീട്ടുന്നതിനൊപ്പം പലിശയും കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. റിപ്പോ നിരക്ക് കുറച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാമെന്ന കേന്ദ്ര തീരുമാനം അസംബന്ധമാണ്. റിസർവ് ബാങ്കിൽ നിന്ന് പണമെടുത്ത് കർഷകർക്ക് നൽകാൻ കേന്ദ്രം തയ്യാറാകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.