Business

കൊവിഡ് ലക്ഷണങ്ങളുള്ള ആപ്പിൾ ജീവനക്കാർക്ക് 5 ദിവസത്തെ അവധി; അൺലിമിറ്റഡ് സിക്ക് ലീവ് പോളിസി അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ

കൊവിഡ് കേസുകൾ കുറഞ്ഞതോടെ മിക്ക രാജ്യങ്ങളിലെയും കമ്പനികൾ തങ്ങളുടെ കൊവിഡ് നയങ്ങളിൽ ഇളവ് വരുത്തുകയാണ്. കമ്പനിയിൽ ചില കൊവിഡ് നയങ്ങൾ പിൻവലിച്ചിരിക്കുകയാണ് ആപ്പിൾ. ഓഫീസ് പരിസരത്ത് പ്രവേശിക്കുന്നതിന് ജീവനക്കാർക്ക് ഉണ്ടായിരുന്ന കൊവിഡ് ടെസ്റ്റ് ഒഴിവാക്കുകയും ചെയ്തു. കൊവിഡ് രൂക്ഷമായ സമയത്ത് ആപ്പിൾ ജീവനക്കാർക്കുള്ള പരിശോധന വേഗത്തിലാക്കുകയും എല്ലാ വാക്സിൻ ഡോസുകളും എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. കൊവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുന്ന ജീവനക്കാർക്ക് അൺലിമിറ്റഡ് സിക്ക് ലീവും അനുവദിച്ചിരുന്നു.

എന്നാൽ കൊവിഡ് നയങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് ആപ്പിൾ. “ഓഫീസിൽ വരുന്നതിന് മുമ്പ് ജീവനക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കുന്നത് നിർത്തും. കോവിഡ് ലക്ഷണങ്ങൾ അനുഭവിക്കുന്ന തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക സിക്ക് ലീവ് പോളിസിയും പിൻവലിക്കുകയാണ് എന്നാണ്” ആപ്പിൾ ട്വീറ്റ് ചെയ്തത്.

“കൊവിഡ് പോസിറ്റീവ് ആയാൽ ജീവനക്കാർക്ക് പരമാവധി 5 ദിവസത്തെ അസുഖ അവധി ലഭിക്കും. ജനുവരി 30 മുതൽ ആപ്പിൾ ജീവനക്കാർക്ക് കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാതെ ഓഫീസിൽ കയറാം. എങ്കിലും കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ, കമ്പനി അൺലിമിറ്റഡ് സിക്ക് ലീവ് പോളിസി നിർത്തലാക്കിയതിനാൽ അവർക്ക് 5 ദിവസത്തെ ലീവ് എടുക്കാം. മുമ്പ്, കൊവിഡ് ലക്ഷണങ്ങളുള്ള ജീവനക്കാർക്ക് അവധിയെടുത്ത് അനിശ്ചിതകാലത്തേക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാമായിരുന്നു. എന്നാൽ, ജനുവരി 30 മുതൽ അത് നിലനിൽക്കില്ല.