Auto HEAD LINES

ടാറ്റയുടെ അടുത്ത എസ്.യു.വി അസുറ? പേരിന് പേറ്റന്റ് എടുത്തു

ടാറ്റയുടെ അടുത്ത ബിഗ് ലോഞ്ചിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പുറത്തിറങ്ങാനിരിക്കുന്ന വാഹനത്തിന് അസുറ എന്നായിരിക്കും പേരെന്നാണ് പുറത്തുവരുന്ന വിവരം. അസുറ എന്ന പേരിന് കമ്പനി പകര്‍പ്പവകാശം സ്വന്തമാക്കി കഴിഞ്ഞു. കര്‍വ് എന്ന പേരില്‍ എത്തിച്ച കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലിനായിരിക്കും ഈ പേര് നല്‍കുക.

കര്‍വ്, സിയേറ, അവിന്യ തുടങ്ങിയ കണ്‍സെപ്റ്റുകളുടെ പ്രൊഡക്ഷന്‍ മോഡലുകളാണ് ടാറ്റയില്‍ നിന്ന് ഇനി എത്താനുള്ളത്. ഇതില്‍ കര്‍വ്, സിയേറ മോഡലുകള്‍ അധികം വൈകാതെ തന്നെ നിരത്തുകളില്‍ എത്തിക്കും. കര്‍വിന്റെ നിര്‍മ്മാണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞതായി കമ്പനി അറിയിച്ചിരുന്നു. അവിന്യ 2025ഓടെയായിരിക്കും ടാറ്റ എത്തിക്കുക. നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന കര്‍വിന് ആയിരിക്കും അസുറ എന്ന പേര് നല്‍കുക.

കര്‍വിന്റെ ഇലക്ട്രിക് മോഡലായിരിക്കും ആദ്യം പുറത്തിറങ്ങുക. ജെഎന്‍2 പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങിന്ന കര്‍വ് ഇവിക്ക് 400 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ വരെയായിരിക്കും റേഞ്ച് ലഭിക്കുക. 143 ബിഎച്ച്പി കരുത്തും പരമാവധി 215 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ വാഹനത്തിന് കഴിയും. ഓട്ടോ എക്‌സ്‌പോ 2023ല്‍ ടാറ്റ അവതരിപ്പിച്ച പെട്രോള്‍ എന്‍ജിനുകളില്‍ ഒന്നായിരിക്കും കര്‍വിന്റെ ഐസിഇ രൂപത്തിലുണ്ടാവുക.

ടാറ്റ മോട്ടോഴ്‌സ് അസുറ എന്ന പേരിനായി ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് അപേക്ഷ നല്‍കിയിരുന്നത്. സെപ്റ്റംബര്‍ 11നാണ് പേരിന്റെ പകര്‍പ്പവകാശം ടാറ്റയ്ക്ക് അനുവദിച്ചു നല്‍കിയത്. എന്നാല്‍ അസുറ എന്ന പേര് കര്‍വിന് വേണ്ടിയുള്ളതാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ എത്തിയിട്ടില്ല.

ടാറ്റയുടെ ഡിജിറ്റല്‍ ഡിസൈന്‍ കണ്‍സെപ്റ്റിലായിരുന്നു കര്‍വ് കണ്‍സെപ്റ്റ് ഒരുങ്ങിയത്. കൂപ്പെ രൂപത്തിനൊപ്പം ബോണറ്റിലുടനീളമുള്ള എല്‍.ഇ.ഡി. സ്ട്രിപ്പ്, ടയാങ്കുലര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ്, പുതുമയുള്ള ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ബമ്പര്‍, വീതിയുള്ള ലോവര്‍ ലിപ്പ് എന്നിവയാണ് മുഖഭാവം അലങ്കരിക്കുന്നത്. ാറ്റ അസുറ എസ്യുവിയുടെ പ്രധാന എതിരാളികള്‍ ഹ്യുണ്ടേയ് ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക് തുടങ്ങിയ എസ്‌യുവികളായിരിക്കും.