World

ജൂത എഴുത്തുകാരുടെ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് പിന്‍വലിപ്പിച്ച് അമേരിക്കയിലെ ക്രിസ്ത്യന്‍ വലതുപക്ഷം; ലൈംഗിക അതിപ്രസരം എന്ന് ആരോപണം

ഹോളോകോസ്റ്റ് അനുഭവങ്ങള്‍ അടക്കം പ്രമേയമാക്കിയ ജൂത എഴുത്തുകാരുടെ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് പിന്‍വലിപ്പിച്ച് അമേരിക്കയിലെ ക്രിസ്ത്യന്‍ വലതുപക്ഷം. പുസ്തകങ്ങളില്‍ ലൈംഗികതയുടെ അതിപ്രസരമുണ്ടെന്ന് കാണിച്ചാണ് നടപടി. ലൈംഗികതയെ സംബന്ധിച്ച നിയമങ്ങള്‍ സംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളോറിഡയിലെ ഓറഞ്ച് കൗണ്ടി സ്‌കൂള്‍ ജില്ലയിലെ ലൈബ്രറികളില്‍ നിന്ന് 700ലധികം പുസ്തകങ്ങളാണ് നീക്കം ചെയ്യപ്പെട്ടത്. ക്ലാസിക്, ഓര്‍മക്കുറിപ്പുകള്‍, ആത്മകഥ, ചരിത്രനോവല്‍, സമകാലീനനോവല്‍ മുതലായ വിഭാഗങ്ങളില്‍ നിന്നെല്ലാമാണ് ജൂത എഴുത്തുകാരുടെ പുസ്തകങ്ങള്‍ നീക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. (Florida district pulls many Jewish and Holocaust books from school libraries)

ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളുടെ സചിത്ര പതിപ്പുള്‍പ്പെടെ യു എസിലെ ചില ജില്ലകളിലെ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത് വാര്‍ത്തയായതിന് പിന്നാലെയാണ് പുതിയ നടപടി. വലതുപക്ഷ ഗ്രൂപ്പായ മമ്മ്‌സ്‌ ഫോര്‍ ലിബര്‍ട്ടി ഉള്‍പ്പെടെയുള്ളവരാണ് പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് നീക്കം ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നത്. ബെര്‍നഹാര്‍ഡ് സ്‌ക്ലിങ്കിന്റെ ദി റീഡര്‍, ജോഡി പിക്കോള്‍ട്ടിന്റെ ‘ദി സ്റ്റോറിടെല്ലര്‍, ഫിലിപ്പ് റോത്തിന്റെ പോര്‍ട്ടോണീസ് കംപ്ലയിന്റ് മുതലായവ ഉള്‍പ്പെടെ ലൈബ്രറികളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു.

ജെന്‍ഡര്‍ ക്വയര്‍, ദി ഹാന്‍ഡ്‌മെയ്ഡ്‌സ് ടെയില്‍, മില്‍ട്ടന്റെ പാരഡൈസ് ലോസ്റ്റ്, മായ ആഞ്ചലോയുടെ ഐ നോ വൈ ദെ കേജ്ഡ് ബേര്‍ഡ് സിംഗ്‌സ് മുതലായ ക്ലാസിക്കുകളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ലൈംഗിക ഉള്ളടക്കം മൂലമാണ് പുസ്തകങ്ങള്‍ നീക്കം ചെയ്തതെന്ന് ഓറഞ്ച് കൗണ്ടി പബ്ലിക് സ്‌കൂള്‍സ് വക്താവ് ഡേവിഡ് ഒകേഷിയോ വിശദീകരിച്ചു.