National

സഭാ നടപടികള്‍ തടസപ്പെടുത്തി; രാജ്യസഭയില്‍ മൂന്ന് എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി തുടരുന്നു. ഇന്ന് മൂന്ന് എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. ആംആദ്മി പാര്‍ട്ടി എംപിമാരായ സുശീല്‍ കുമാര്‍, സന്ദീപ് പഥക്, സ്വതന്ത്ര എംപി അജിത് കുമാര്‍ ഭൂയാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സഭാ നടപടികള്‍ തടസപ്പെടുത്തിയതാണ് സസ്‌പെന്‍ഷന് കാരണം. 23 പ്രതിപക്ഷ എംപിമാരെയാണ് ഈ സഭാ കാലയളവില്‍ സസ്‌പെന്‍ഡ് ചെയ്തത്.

ഇന്നലെ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സഭയില്‍ അധ്യക്ഷന് നേരെ പേപ്പര്‍ ചുരുട്ടി എറിഞ്ഞതിനാണ് നടപടി. 19 എം പിമാരെ ചൊവ്വാഴ്ചയും സസ്‌പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുള്ള എം പിമാരായ എ എ റഹിം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍, ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍, രണ്ട് ഡിഎംകെ എംപിമാര്‍, ഒരു സിപിഐ, രണ്ട് സിപിഐഎം എംപിമാര്‍ എന്നിവരും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു.

നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനായിരുന്നു ചട്ടം 256 പ്രകാരം നടപടി. ശേഷിച്ച സമ്മേളന ദിവസങ്ങളിലേക്കാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.