India National

”പാവപ്പെട്ടവര്‍ക്ക് താല്‍ക്കാലിക റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യണം”; കോവിഡ് പ്രതിസന്ധി എങ്ങനെ മറികടക്കാമെന്നതിനെക്കുറിച്ച് അഭിജിത് ബാനര്‍ജി

ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കം സംസ്ഥാന സർക്കാരുകൾക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും അഭിജിത് ബാനർജി കോൺഗ്രസ്‌ മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള സംവാദത്തിൽ പറഞ്ഞു

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രത്യേക ഉത്തേജക പാക്കേജ് ആവശ്യമാണെന്ന് നൊബേൽ സമ്മാന ജേതാവ് പ്രൊഫ. അഭിജിത് ബാനർജി. ഇതരസംസ്ഥാന തൊഴിലാളികൾക്കും പാവങ്ങൾക്കുമായി വ്യക്തമായ പദ്ധതി വേണം. ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കം സംസ്ഥാന സർക്കാരുകൾക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും അഭിജിത് ബാനർജി കോൺഗ്രസ്‌ മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള സംവാദത്തിൽ പറഞ്ഞു.

അധികാര വികേന്ദ്രീകരണത്തിലൂടെ സംസ്ഥാന, ജില്ല തലങ്ങളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘ലോക്ക്ഡൗണ്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിലവില്‍ ആര്‍ക്കെങ്കിലും റേഷന്‍കാര്‍ഡ് വേണ്ടതുണ്ടെങ്കില്‍ അവര്‍ക്ക് അടിയന്തരമായി അത് അനുവദിച്ച് നല്‍കണം. ലോക്ക്ഡൗണ്‍ പിന്‍വലിക്കേണ്ടത് ആവശ്യമാണെങ്കിലും കൊവിഡിന്റെ അതിവേഗത്തിലുള്ള വ്യാപനംകൂടി പരിഗണിക്കേണ്ടതുണ്ട്’ അഭിജിത് പറഞ്ഞു.

ആളുകളുടെ കൈകളിലേക്ക് പണം എത്തിക്കണം. പൊതുവിതരണ രംഗത്ത് ആധാര്‍ അടിസ്ഥാനമാക്കിയുള്ള അവകാശവാദം ദരിദ്രരുടെ ദുരവസ്ഥ പരിഹരിക്കും. ലോക്ക്ഡൗണിന്‌ ശേഷമുള്ള ഇന്ത്യയിലെ മൊത്തത്തിലുള്ള സാമ്പത്തിക പുനരുജ്ജീവനം സംബന്ധിച്ച് ശുഭാപ്തി വിശ്വാസം പുലര്‍ത്താന്‍ നമ്മള്‍ ശ്രമിക്കണമെന്നും അഭിജിത്ത് ബാനർജി ചൂണ്ടിക്കാട്ടി.