യു.എ.ഇയിൽ കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി നൽകി. ആരോഗ്യപ്രവർത്തകർക്കാണ് അടിയന്തര സാഹചര്യത്തിൽ വാക്സിൻ നൽകാൻ സർക്കാർ അനുമതി നൽകിയത്. ചൈനയുടെ സിനോഫാം വാക്സിന്‍റെ പരീക്ഷണം അബൂദബിയിൽ വിജയകരമാണ് എന്ന് കണ്ടതിന്‍റെ പശ്ചാത്തലത്തിനാണ് നടപടി.
യു.എ .ഇ ആരോഗ്യമന്ത്രി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസാണ് ആരോഗ്യപ്രവർത്തകർക്ക് അടിയന്തര സാഹചര്യത്തിൽ കോവിഡ് വാക്സിൻ നൽകാൻ അനുമതി നൽകിയ കാര്യം പ്രഖ്യാപിച്ചത്. കോവിഡ് രോഗികളുമായി നേരിട്ട് ഇടപെടേണ്ടി വരുന്നവർക്കാണ് വാക്സിൻ നൽകുക. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും നിയമവിധേയമായി വാക്സിൻ നൽകാം. ജൂലൈ 16 മുതൽ അബൂദബിയിൽ കോവിഡ് വാക്സിൻ പരീക്ഷണം തുടരുകയാണ്. ആരോഗ്യവകുപ്പ്, ചൈനയിലെ സിനോഫാം, അബൂദബിയിലെ ജി 42 ഹെൽത്ത് കെയർ എന്നിവ സംയുക്തമായാണ് അബൂദബിയിൽ വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണം നടത്തുന്നത്.
125 രാജ്യങ്ങളിൽ നിന്നുള്ള 31,000 പേരാണ് പരീക്ഷണത്തിന് സന്നദ്ധരായി വാക്സിൻ സ്വീകരിച്ചത്. ഇവരിൽ കോവിഡ് വൈറസിനെതിരായ ആന്‍റിബോഡി രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ചെറിയ പാർശ്വഫലങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വാക്സിൻ സുരക്ഷിതമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത് അടിയന്തരഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് നൽകാൻ തീരുമാനിച്ചത്.